ഉപരോധം കടുക്കും; ഇറാനെതിരെ 'ഇക്കണോമിക് ഡി-ഡേ' പ്രഖ്യാപിച്ച് അമേരിക്ക; ലക്ഷ്യം എണ്ണ കമ്പനികളും ബാങ്കുകളും

ഉപരോധം കടുക്കും; ഇറാനെതിരെ 'ഇക്കണോമിക്  ഡി-ഡേ' പ്രഖ്യാപിച്ച് അമേരിക്ക; ലക്ഷ്യം എണ്ണ കമ്പനികളും ബാങ്കുകളും

വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള 'എക്കണോമിക് ഡി-ഡേ'യ്ക്ക് തുടക്കമിട്ട് അമേരിക്ക. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് ശക്തമായ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാരം നടത്തുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്ന മൂന്നാം കക്ഷികള്‍, ബാങ്കുകള്‍, കമ്പനികള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികളെയാണ് പുതിയ ഉപരോധത്തിലൂടെ അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. ചൈനയാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഏകദേശം 90 ശതമാനം വാങ്ങുന്നതെന്നാണ് യുഎസ് കോണ്‍ഗ്രസ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതായി ചൈന തങ്ങളുടെ കസ്റ്റംസ് ഡാറ്റയില്‍ സമ്മതിച്ചിട്ടില്ല.

ഇറാന്റെ എണ്ണ വാങ്ങുന്ന ചൈനയിലെ ചെറിയതും ഇടത്തരവുമായ സ്വകാര്യ റിഫൈനറികള്‍ക്കുമേല്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്‍ യുഎസ് ട്രഷറി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എണ്ണ വില്‍പനയിലൂടെ ലഭ്യമാകുന്ന പണം രാജ്യത്തേക്ക് എത്തിക്കാനും വിദേശ കറന്‍സി സ്വന്തമാക്കാനും അവസരം നല്‍കുന്ന ബാങ്കുകള്‍ക്കും എക്സ്ചേഞ്ച് ഹൗസുകള്‍ക്കും മേല്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തിയേക്കും.

'പ്രസിഡന്റ് ട്രംപ് ഇറാന്റെ സൈനിക ശേഷി തകര്‍ത്തു തരിപ്പണമാക്കുകയും ആണവ പദ്ധതി അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. നാം ഇപ്പോള്‍ നിര്‍ണായകമായ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പുലര്‍ച്ചയോടെ ഒരു എക്കണോമിക് ഡി-ഡേ ആരംഭിക്കുന്നു'- സ്‌കോട്ട് ബെസന്റ് എക്സില്‍ കുറിച്ചു. അമേരിക്ക തങ്ങളുടെ ഒരു എതിരാളിക്കെതിരെ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

'ഒരിക്കലും സാധ്യമാകില്ലെന്ന് പലരും കരുതിയ എല്ലാ ഏജന്‍സികളെയും അധികാരങ്ങളെയും നടപടികളെയും ഉപയോഗപ്പെടുത്താനുള്ള അനുകൂല സാഹചര്യങ്ങള്‍ ട്രംപ് സൃഷ്ടിച്ചിരിക്കുന്നു. ടെഹ്റാന്‍ ഒറ്റപ്പെടുന്നതുവരെ ഈ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് ജീവ വായുവായിരിക്കുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിച്ഛേദിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'- യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.

അതേസമയം അമേരിക്ക ആരംഭിക്കുന്ന ഉപരോധം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് സാധ്യത. അമേരിക്ക കടുത്ത ഉപരോധം തുടരുകയാണെങ്കില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍നിന്നും ഹോര്‍മുസ് കടലിടുക്കില്‍നിന്നുമുള്ള എണ്ണ കയറ്റുമതി പൂര്‍ണമായി തടയുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സെന്‍ റെസായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളോട് സഹകരിക്കുകയോ അത് നടപ്പിലാക്കാന്‍ സഹായിക്കുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിന്റെ നീക്കവും യുദ്ധപ്രഖ്യാപനമായി കരുതുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു. പുതിയ നീക്കങ്ങളും ഭീഷണികളും ആഗോള എണ്ണവില സംബന്ധിച്ചും ഇന്ധന സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.