തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് പരിഷ്‌കരണത്തിനായുള്ള നിര്‍ണായക കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.
2027 ഏപ്രില്‍ ഒന്നു മുതല്‍ 2032 മാര്‍ച്ച് 31 വരെ ഈടാക്കേണ്ട വൈദ്യുതി നിരക്ക് സംബന്ധിച്ച് കെഎസ്ഇബി അപേക്ഷ തയാറാക്കുന്നത് ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം അന്തിമ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടെ നിരക്ക് പരിഷ്‌കരണത്തിന് കളമൊരുങ്ങും.
സോളാര്‍ വൈദ്യുതി സുലഭമായ പകല്‍ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളില്‍ ഉയര്‍ന്ന നിരക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് കരടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നിലവില്‍ പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സമയം അടിസ്ഥാനമാക്കിയുള്ള (ടിഒഡി) മീറ്ററിംഗ് സംവിധാനമാണ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നത്. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 2024 വരെ കെഎസ്ഇബിക്കുണ്ടായ ഭീമമായ നഷ്ടം 2031 ന് മുന്‍പ് നികത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ തുക 2027 മുതല്‍ ഉപയോക്താക്കളില്‍ നിന്ന് തിരിച്ചുപിടിക്കാനും കരടില്‍ ശുപാര്‍ശയുണ്ട്. ഇത് നടപ്പിലാകുന്നതോടെ ഉപയോക്താക്കളുടെ ബില്‍ തുകയില്‍ സ്വാഭാവിക വര്‍ദ്ധനവുണ്ടാകും.
കൂടാതെ നിലവിലെ സ്ലാബ് രീതിയിലുള്ള ഫിക്‌സഡ് ചാര്‍ജിന് പകരം ആകെ വൈദ്യുതി ഉപയോഗം കണക്കാക്കി ഫിക്‌സഡ് ചാര്‍ജ് നിശ്ചയിക്കുക, ഇന്ധന സര്‍ച്ചാര്‍ജ് മാസം തോറും കൃത്യമായി ഈടാക്കുക, ബാറ്ററി സ്റ്റോറേജ് സൗകര്യമുള്ള സോളാര്‍ ഉള്ളവര്‍ക്ക് പീക്ക് സമയത്ത് നിരക്കിളവ് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും കരടിലുണ്ട്.
വൈദ്യുതി സംഭരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം വൈദ്യുതി വാങ്ങല്‍ ചെലവ് കുറയ്ക്കാനും ദീര്‍ഘകാല-ഇടക്കാല കരാറുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങാനും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. കരടിലെ ശുപാര്‍ശകളിന്മേല്‍ പൊതുജനങ്ങള്‍ക്ക് അടുത്ത മാസം 25 വരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.