'യുഎസ്-ഇറാൻ സാമ്പത്തിക യുദ്ധം': വിപണിയിൽ ചാഞ്ചാട്ടം ; സ്വർണവില കുതിപ്പിൽ, ക്രൂഡോയിൽ ഇടിഞ്ഞു

'യുഎസ്-ഇറാൻ സാമ്പത്തിക യുദ്ധം': വിപണിയിൽ ചാഞ്ചാട്ടം ; സ്വർണവില കുതിപ്പിൽ, ക്രൂഡോയിൽ ഇടിഞ്ഞു

ടെഹ്റാൻ: ഇറാനെതിരെ അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധവും ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക യുദ്ധതന്ത്രങ്ങളും ആഗോള വിപണിയിൽ വലിയ ചലനങ്ങൾക്ക് കളമൊരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾ ഇന്ന് രാത്രി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റിന്റെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നിരിക്കെ ലോകമെങ്ങുമുള്ള നിക്ഷേപകർ വലിയ ആകാംക്ഷയോടെയാണ് ഈ നീക്കങ്ങളെ ഉറ്റുനോക്കുന്നത്.

ഇറാനു മേൽ ഇതുവരെ മറ്റൊരു രാജ്യത്തിനും ഏർപ്പെടുത്തിയിട്ടില്ലാത്ത തരത്തിലുള്ള കടുത്ത സാമ്പത്തിക ഉപരോധം നടപ്പിലാക്കാനാണ് യുഎസ് നീക്കം. യുഎസിന്റെ സഖ്യകക്ഷികളും മറ്റ് രാജ്യങ്ങളും ഇറാനുമായി യാതൊരുവിധ വ്യാപാര ബന്ധവും വെച്ചുകൊണ്ടിരിക്കരുതെന്നും ഇതിന് തയ്യാറാകാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ട്രഷറി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ട്രംപിന്റെ ഈ സാമ്പത്തിക യുദ്ധം ഫലിക്കില്ലെന്നും ബദൽ മാർഗങ്ങളുണ്ടെന്നും പ്രതികരിച്ച ഇറാൻ സൈനിക രംഗത്ത് പരാജയപ്പെട്ടതുകൊണ്ടാണ് യുഎസ് സാമ്പത്തിക യുദ്ധവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും പരിഹസിച്ചു.

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസിന് കഴിഞ്ഞാൽ പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾ രൂക്ഷമാകാനും അത് ക്രൂഡോയിൽ അടക്കമുള്ളവയുടെ നീക്കത്തെ തടസപ്പെടുത്താനും സാധ്യതയുണ്ട്. സമാനമായ ആശങ്കകളെത്തുടർന്ന് ഇന്ന് ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായി.

ബ്രെന്റ് ക്രൂഡോയിൽ രണ്ടു ശതമാനത്തോളം ഇടിഞ്ഞ് 92.62 ഡോളറിലെത്തിയപ്പോൾ ഡബ്ല്യൂടിഐ ബാരലിന് 85.34 ഡോളറിലെത്തി. യുഎഇയുടെ മർബൻ വില 103.5 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

ബോണ്ട് വിപണിയിലെ അനിശ്ചിതത്വവും ഇറാനെതിരായ സാമ്പത്തിക ഉപരോധവും ആഗോളതലത്തിൽ സ്വർണ വിലയെ വൻ കുതിപ്പിലേക്ക് നയിക്കുകയാണ്. ഔൺസിന് 4,652 ഡോളർ നിലവാരത്തിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണവ്യാപാരം നടക്കുന്ന ഓണക്കാലത്ത് വിലയിൽ വലിയ വർധനവുണ്ടാകാൻ സാധ്യതയുണ്ട്.

മറുവശത്ത്, ഉയരുന്ന ക്രൂഡോയിൽ വിലയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യൻ ഓഹരി വിപണിയിലും കനത്ത നഷ്ടമുണ്ടാക്കി. കഴിഞ്ഞ ആഴ്ച അവസാന വ്യാപാര ദിനത്തിൽ സെൻസെക്സും നിഫ്റ്റിയും കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെയാണ് ക്ലോസ് ചെയ്തത്.

ഫെഡ് റിസർവ് പണനയ തീരുമാനം, എൻവിഡിയയുടെ പാദഫലങ്ങൾ, യുഎസ്-ഇറാൻ സംഘർഷം തുടങ്ങിയ നിർണായക വിഷയങ്ങളാണ് നിലവിൽ നിക്ഷേപകരുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്ക് നിക്ഷേപകർ തിരിഞ്ഞതും പ്രമുഖ ചിപ്പ് കമ്പനികളുടെ പാദഫലങ്ങളും കാരണം ദക്ഷിണ കൊറിയ, ഹോങ്കോങ്, ഷാങ്ഹായ് തുടങ്ങിയ ഏഷ്യൻ ഓഹരി വിപണികളും ഇടിവിലാണ്. യുഎസ് വിപണിയിലും സമാനമായ ക്ഷീണമാണ് പ്രകടമാകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.