സ്റ്റാൻഫോർഡ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും പുതിയ ടെക്നോളജികളെക്കുറിച്ചും ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ എന്ത് പറയും എന്ന് കേൾക്കാൻ കാതോർത്ത സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ പങ്കുവെച്ചത് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുള്ള വിലമതിക്കാനാവാത്ത ചില പാഠങ്ങളാണ്. ജീവിതത്തിൽ വിജയിക്കാൻ എഐ മാത്രമല്ല, ശുഭാപ്തിവിശ്വാസവും കഠിനാധ്വാനവും സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാനുള്ള മനസുമാണ് വേണ്ടതെന്ന് അദേഹം ഓർമ്മിപ്പിച്ചു.
സുന്ദർ പിച്ചൈയുടെ ആവേശം നിറഞ്ഞ ആ പ്രസംഗത്തിലെ അഞ്ച് പ്രധാന ചിന്തകൾ ഇതാ
പരിമിതികൾ സ്വപ്നങ്ങൾക്ക് തടസമല്ല
ചെന്നൈയിലെ തന്റെ കുട്ടിക്കാലം പിച്ചൈ ഓർത്തെടുത്തു. കുടിവെള്ള ടാങ്കറുകൾ വരുന്നതും കാത്തുനിന്ന, ടെലിഫോണും ടിവിയും ഒക്കെ വീട്ടിലെത്താൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. എങ്കിലും തന്റെ സ്വപ്നങ്ങൾക്ക് അതിരുകളിടാൻ മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ലെന്നും, തന്റെ ഒരു വർഷത്തെ ശമ്പളം മുഴുവൻ നൽകിയാണ് സ്റ്റാൻഫോർഡിലേക്ക് വരാനുള്ള ആദ്യത്തെ വിമാന ടിക്കറ്റ് അച്ഛൻ എടുത്തുനൽകിയതെന്നും അദ്ദേഹം വൈകാരികമായി പങ്കുവെച്ചു.
കാഴ്ചപ്പാടുകൾ മാറ്റാം
കാലിഫോർണിയയിൽ ആദ്യമായി വിമാനമിറങ്ങിയപ്പോൾ അവിടെയെല്ലാം പച്ചപ്പിന് പകരം വരണ്ട തവിട്ടുനിറമാണ് പിച്ചൈ കണ്ടത്. കൂടെയുണ്ടായിരുന്ന വ്യക്തിയോട് അത് പറഞ്ഞപ്പോൾ, "ഞങ്ങൾ ഇതിനെ തവിട്ടുനിറമല്ല, സുവർണ്ണനിറം (Golden) എന്നാണ് വിളിക്കാൻ ഇഷ്ടപ്പെടുന്നത്" എന്ന് അവർ തിരുത്തി. പ്രതിസന്ധികളെ നമ്മൾ എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് കാര്യം എന്ന് വ്യക്തമാക്കാനാണ് അദേഹം ഈ അനുഭവം പങ്കുവെച്ചത്.
ക്ലാസ്സ് കട്ട് ചെയ്ത് ലാസ് വഗാസിലേക്ക്! ജീവിതത്തിൽ എല്ലാ കാര്യങ്ങളും നൂറു ശതമാനം കൃത്യമായി ചെയ്യണമെന്ന സമ്മർദത്തിലാകരുത് എന്ന് വിദ്യാർത്ഥികളോട് പറയാൻ അദ്ദേഹം ഒരു രസകരമായ കഥ പറഞ്ഞു. തന്റെ ആദ്യ വിന്റർ ക്വാർട്ടറിൽ ഒരു ബുധനാഴ്ച രാവിലെ കൂട്ടുകാരന്റെ കൂടെ ക്ലാസ്സ് കട്ട് ചെയ്ത് ലാസ് വഗാസിലേക്ക് പോയതും അവിടെ ചൂതാട്ടത്തിൽഅഞ്ച് ഡോളർ വെച്ച് 15 ഡോളർ ജയിച്ച ഉടൻ കളി നിർത്തി മടങ്ങിയതുമായ കഥ അദേഹം ചിരിയോടെ പങ്കുവെച്ചു.
ബുദ്ധിമുട്ടുള്ള വെല്ലുവിളികൾ ഏറ്റെടുക്കുക
ഗൂഗിളിൽ ജോലിയിൽ പ്രവേശിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം വിപ്ലവകരമായ ഒരു ബ്രൗസർ (ഗൂഗിൾ ക്രോം) നിർമ്മിക്കാനുള്ള വെല്ലുവിളി അദേഹം ഏറ്റെടുത്തു. 2008-ൽ ലോഞ്ച് ചെയ്തപ്പോൾ വൻ വിജയമായിരുന്നെങ്കിലും പിന്നീട് ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവ് വന്നു. എങ്കിലും ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകാതെ കൃത്യമായ ഇടവേളകളിൽ മാറ്റങ്ങൾ വരുത്തി പരിശ്രമിച്ചതുകൊണ്ടാണ് 'ക്രോം' ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബ്രൗസറായി മാറിയത്.
നിങ്ങളെ ആവേശം കൊള്ളിക്കുന്ന കാര്യങ്ങൾ ചെയ്യുക
മാതാപിതാക്കൾ ആഗ്രഹിക്കുന്നതോ കൂട്ടുകാർ ചെയ്യുന്നതോ, അല്ലെങ്കിൽ സമൂഹം പ്രതീക്ഷിക്കുന്നതോ ആയ കാര്യങ്ങൾക്ക് പിന്നാലെ മാത്രം ഓടരുത്. രാത്രികളിൽ ഉറക്കം കളഞ്ഞ് സുഹൃത്തുക്കളുമായി ആവേശത്തോടെ സംസാരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്താണോ അത് കണ്ടെത്തുക. നിങ്ങളുടെ മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക.
സാങ്കേതികവിദ്യയുടെ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വങ്ങളിൽ ഒരാളായ സുന്ദർ പിച്ചൈയിൽ നിന്ന് യുവതലമുറയ്ക്ക് പഠിക്കാൻ ഏറെയുള്ള ലളിതവും മനോഹരവുമായ ജീവിതപാഠങ്ങൾ!