'ഡോളറിന് ഡോളര്‍ തിരിച്ചടി'; യു.എസ് താരിഫിനെതിരെ നിലപാട് കടുപ്പിച്ച് കാനഡ

'ഡോളറിന് ഡോളര്‍ തിരിച്ചടി'; യു.എസ് താരിഫിനെതിരെ നിലപാട് കടുപ്പിച്ച് കാനഡ

വാഷിങ്ടണ്‍: അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, യു.എസ് ഏര്‍പ്പെടുത്തുന്ന പുതിയ താരിഫുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചു. കാനഡയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, കുടുംബങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്നും യു.എസ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കാനഡ തയ്യാറല്ലെന്നും അദേഹം വ്യക്തമാക്കി.

ഒരു വര്‍ഷത്തിലേറെയായി പുതിയൊരു വ്യാപാര കരാറിനായി കാനഡ ആത്മാര്‍ത്ഥമായും ക്ഷമയോടെയുമാണ് ചര്‍ച്ചകള്‍ നടത്തിയത്. എന്ത് വിലകൊടുത്തും ഒരു കരാറിലെത്തുക എന്നതിനേക്കാള്‍ കാനഡക്കാര്‍ക്ക് ഏറ്റവും മികച്ച ഉപാധികള്‍ ഉറപ്പാക്കുക എന്നതിനായിരുന്നു തങ്ങള്‍ മുന്‍ഗണന നല്‍കിയതെന്ന് എക്സിലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ അദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി വൈകി യു.എസും കാനഡയും തമ്മില്‍ നടന്ന നിര്‍ണായകമായ വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് കനേഡിയന്‍ ഉദ്യോഗസ്ഥരോട് മാതൃ രാജ്യത്തേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഏകദേശം 28 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കനേഡിയന്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തുകയും ചെയ്തു. ഇതിന് മറുപടിയായി 'ഡോളറിന് ഡോളര്‍' എന്ന കണക്കില്‍ ശക്തമായ കൗണ്ടര്‍ താരിഫുകള്‍ ഏര്‍പ്പെടുത്താനാണ് കാനഡയുടെ തീരുമാനം. പ്രത്യാക്രമണ നടപടികളുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ കാനഡ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം കാനഡയുടേത് ദൗര്‍ഭാഗ്യകരമായ തീരുമാനമാണെന്നും ഒരു മികച്ച അവസരമാണ് അവര്‍ നഷ്ടപ്പെടുത്തിയതെന്നും യു.എസ് ട്രേഡ് പ്രതിനിധി വിമര്‍ശിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കവേ കാനഡ നല്‍കിയ ഉറപ്പുകളില്‍ നിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്നും യു.എസ് ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.