ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി മിര്‍സ ഫക്രുല്‍ ഇസ്ലാം; 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വന്‍ ജയം

ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി മിര്‍സ ഫക്രുല്‍ ഇസ്ലാം; 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വന്‍ ജയം

ധാക്ക: ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎഎന്‍പി) മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ (78) ബംഗ്ലാദേശിന്റെ 23-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റില്‍ നടന്ന മത്സരത്തില്‍ ജമാഅത്തെ ഇസ്ലാമി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ റിട്ടയേര്‍ഡ് കേണല്‍ ഒലി അഹ്മദിനെ പരാജയപ്പെടുത്തിയാണ് അദേഹം ഈ നേട്ടം കൈവരിച്ചത്.

പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ആലംഗീറിന് 255 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ഒലി അഹ്മദിന് 88 വോട്ടുകളാണ് ലഭിച്ചത്. 1991 ന് ശേഷം (കഴിഞ്ഞ 35 വര്‍ഷത്തിനിടെ) ബംഗ്ലാദേശില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നില്‍ക്കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ച ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ബംഗ്ലാദേശിന്റെ രാഷ്ട്രത്തലവനായും സായുധ സേനയുടെ സര്‍വ്വസൈന്യാധിപനായും അദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുന്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് കഴിഞ്ഞ മാസം രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ നിന്ന് രാഷ്ട്രത്തലവനിലേക്ക്

1960 കളില്‍ ഈസ്റ്റ് പാക്കിസ്ഥാന്‍ സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ സജീവമായ മിര്‍സ ആലംഗീര്‍, 1966 ലെ സര്‍ക്കാര്‍ വിരുദ്ധ സമരകാലത്ത് ധാക്ക യൂണിവേഴ്‌സിറ്റി പ്രസിഡന്റായിരുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത അദേഹം, സ്വാതന്ത്ര്യത്തിന് ശേഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1986 ല്‍ ജോലി രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ ആലംഗീര്‍, സ്വന്തം നാടായ താക്കൂര്‍ഗാവില്‍ മുന്‍സിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

1990 കളില്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിനെതിരായ പ്രക്ഷോഭ കാലത്താണ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബിഎന്‍പിയില്‍ ചേരുന്നത്. 2001 ല്‍ എംപിയായ അദേഹം, 2011 മുതല്‍ പാര്‍ട്ടിയുടെ ആക്ടിങ് സെക്രട്ടറി ജനറലായും 2016 മുതല്‍ സ്ഥിരം സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പ്രതിപക്ഷ ശബ്ദമായി നിലകൊണ്ട സൗമ്യനും മിതവാദിയുമായ ആലംഗീര്‍, താരിഖ് റഹ്മാന്‍ സര്‍ക്കാരിലെ മന്ത്രിസ്ഥാനം രാജിവച്ചാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.