ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമാക്കിക്കൊണ്ട് യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കാനഡ കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഏകദേശം 2,000 കോടി ഡോളര്‍ (ഏകദേശം 1,91,474 കോടി ഇന്ത്യന്‍ രൂപ) മൂല്യം വരുന്ന ഉല്‍പ്പന്നങ്ങളെ ബാധിക്കുന്ന പുതിയ നികുതി നിരക്കുകള്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വരും. വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് കാനഡയുടെ ഈ അടിയന്തര പ്രതിരോധ നടപടി.
സ്റ്റീല്‍, അലുമിനിയം, ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് കാനഡ 50 ശതമാനം വരെ കനത്ത തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഡയറി ഉല്‍പ്പന്നങ്ങള്‍, ചീസ്, സമുദ്ര വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് 25 ശതമാനവും, ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള 700 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക കാനഡയ്ക്ക് മേല്‍ ചുമത്തിയ അതേ നിരക്കിലും തീരുവ ഈടാക്കും. സമുദ്ര വിഭവങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ടോയ്ലറ്റ് പേപ്പര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെയും ഈ തീരുമാനം ബാധിക്കും. വരുമാനം വര്‍ധിപ്പിക്കുകയല്ല, മറിച്ച് തദ്ദേശീയ കമ്പനികളെ അമേരിക്കന്‍ കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കാനഡയെ കീഴ്‌പ്പെടുത്താനും രാജ്യത്തിന്റെ പ്രധാന വ്യവസായങ്ങളെ തകര്‍ക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ആരോപിച്ചു. സാമ്പത്തിക കൂട്ടായ്മയെ പരസ്പര വിജയത്തിനായുള്ള അടിത്തറയാക്കുന്നതിന് പകരം ആയുധമാക്കുമ്പോള്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി ഫ്രാന്‍സ്വാ ഫിലിപ്പ് ഷാംപെയ്ന്‍ പറഞ്ഞു. ഈ തിരിച്ചടിമൂലം ബാധിക്കപ്പെടുന്ന തദ്ദേശീയ തൊഴിലാളികളെയും ബിസിനസുകളെയും സഹായിക്കുന്നതിനായി 750 കോടി കനേഡിയന്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കനേഡിയന്‍ നേതാക്കള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അല്ലാത്തപക്ഷം കാനഡയില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ വ്യാപാര മേഖലയില്‍ വന്‍ അനിശ്ചിതത്വമാണ് രൂപപ്പെട്ടിരിക്കുന്നത്.