ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും; 18 വിമാന സർവീസുകൾ റദ്ദാക്കി, റെഡ് അലർട്ട്

ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും; 18 വിമാന സർവീസുകൾ റദ്ദാക്കി, റെഡ് അലർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ ജനജീവിതം പൂർണമായും സ്തംഭിപ്പിച്ചു. വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഡൽഹിയടക്കമുള്ള വിവിധയിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഫിറോസ് ഷാ റോഡ്, സെൻട്രൽ സെക്രട്ടേറിയറ്റ്, കൊണാട്ട് പ്ലേസ്, ആർ.എം.എൽ ആശുപത്രി പരിസരം, എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന പാതകളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് ഡൽഹിയിലും ഗുരുഗ്രാമിലും ഗതാഗതം പൂർണമായും തടസ്സപ്പെടാൻ കാരണമായി.

മോശം കാലാവസ്ഥയും വെള്ളക്കെട്ടും വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു. ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 18-ലധികം സർവീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. കൂടാതെ 400-ലധികം വിമാനങ്ങളുടെ സമയം വൈകുകയും, 15 സർവീസുകൾ മറ്റ് ടാപ്പുകളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

അടുത്ത രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഡൽഹിയ്ക്ക് പുറമെ രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.