ചോറ്റാനിക്കര: മനുഷ്യ ബന്ധങ്ങളില്‍ സ്വാര്‍ത്ഥതയും വേര്‍തിരിവുകളും മാത്രം കൊടികുത്തി വാഴുന്ന സമകാലിക ലോകത്ത്, സ്‌നേഹത്തിന്റെ വന്‍മതിലുകള്‍ തീര്‍ത്ത് ഒരു വൈദിക കുടുംബം. കാല്‍നൂറ്റാണ്ടോളം തങ്ങളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെ നിന്ന് കുടുംബത്തിന്റെ തൂണായി മാറിയ വീട്ടുജോലിക്കാരിക്ക്, സ്വന്തം വീട്ടുമുറ്റത്ത് ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍ ചെയ്ത് യാത്രാമൊഴിയേകിയിരിക്കുകയാണ് ഒരു ക്രൈസ്തവ വൈദികനും കുടുംബവും.
ചോറ്റാനിക്കര അമ്പാടിമല ഓണശേരില്‍ ഫാ. ഒ.ജെ ജേക്കബും കുടുംബവുമാണ് മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകള്‍ക്കപ്പുറമുള്ള മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക തീര്‍ത്തത്. 2000 ല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രഫസറായിരുന്ന ഫാ. ജേക്കബിന്റെ ഭാര്യയുടെ വേര്‍പാടോടെയാണ് ഇരുമ്പനം സ്വദേശിയായ പാര്‍വതി (88) എന്ന പായമ്മ ഈ വീട്ടിലെത്തുന്നത്. അമ്മ നഷ്ടപ്പെട്ട ആറ് വയസുകാരി മകള്‍ മെറിനെ നോക്കാനായി ജോലിക്കാരിയായി എത്തിയ പാര്‍വതി, വളരെ വേഗത്തിലാണ് ആ കുടുംബത്തിലെ മുതിര്‍ന്ന അംഗവുമായി മാറിയത്.
അടുത്ത ബന്ധുക്കള്‍ ആരും ഇല്ലാതിരുന്ന പാര്‍വതിക്ക് ഓണശേരില്‍ കുടുംബം കേവലം ഒരു തൊഴില്‍ ദാതാവായിരുന്നില്ല, സ്വന്തം വീടുതന്നെയായിരുന്നു. ജോലിക്കാരിയെന്ന നിലയിലല്ല, മറിച്ച് തങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന ഒരംഗത്തെപ്പോലെയാണ് ഫാ. ജേക്കബും മകളും പായമ്മയെ കണ്ടത്. വീടിന്റെ സകല കാര്യങ്ങളും ഒരു കുടുംബനാഥയെപ്പോലെ നോക്കിനടത്തിയിരുന്നതും പായമ്മയായിരുന്നു. ഒമ്പത് വര്‍ഷം മുന്‍പ് മെറിന്റെ വിവാഹം കഴിഞ്ഞതോടെ വീട്ടില്‍ വൈദികനും പായമ്മയും മാത്രമായി. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ അലട്ടിയിരുന്നെങ്കിലും, മരണപ്പെടുന്നതിന് ഒരാഴ്ച മുന്‍പുവരെ വീട്ടുകാര്യങ്ങളില്‍ സജീവമായി ഇടപെടാനും സ്‌നേഹ വാത്സല്യങ്ങള്‍ ചൊരിയാനും പായമ്മ മുന്നിലുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയില്‍ വെച്ചായിരുന്നു പാര്‍വതിയുടെ അന്ത്യം. വേര്‍പാടിന്റെ നിമിഷത്തിലും പായമ്മയുടെ ആത്മാവിന് നല്‍കേണ്ട ആദരവിനെക്കുറിച്ച് വൈദികന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മൃതദേഹം രാത്രി തന്നെ സ്വന്തം വസതിയിലെത്തിച്ച ഫാ. ജേക്കബും ബന്ധുക്കളും, അവരുടെ സ്വന്തം വിശ്വാസ പ്രകാരം തന്നെ അന്ത്യകര്‍മങ്ങള്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും മുന്നില്‍ നിന്ന് ചെയ്തു.
പാര്‍വതിയുടെ ബന്ധുവായ സജീവിന്റെ നേതൃത്വത്തില്‍ ഹൈന്ദവ ആചാര പ്രകാരമുള്ള കര്‍മങ്ങള്‍ വൈദികന്റെ വീട്ടുമുറ്റത്ത് പൂര്‍ത്തിയാക്കി. തുടര്‍ന്ന് കടുംഗമംഗലം പള്ളി വികാരി ഫാ. സെബു പോള്‍ വെണ്ട്രപ്പിള്ളിലിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്രൈസ്തവ പ്രാര്‍ഥനകളും നടന്നു. ഇരുമതങ്ങളുടെയും പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ എരുവേലി ശ്മശാനത്തിലായിരുന്നു സംസ്‌കാരം.
ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ ചേരിതിരിയുന്ന കാലഘട്ടത്തില്‍, സ്‌നേഹത്തിനും മനുഷ്യ ബന്ധങ്ങള്‍ക്കും മുകളിലല്ല മറ്റൊന്നും എന്ന് തെളിയിക്കുകയാണ് ഈ സംഭവം.