ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ ഭീമന്‍ സൈനിക വിമാനം മോസ്‌കോയില്‍: വന്‍ ദുരൂഹത, ആഗോളതലത്തില്‍ അഭ്യൂഹങ്ങള്‍ ശക്തം

ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ ഭീമന്‍ സൈനിക വിമാനം മോസ്‌കോയില്‍: വന്‍ ദുരൂഹത, ആഗോളതലത്തില്‍ അഭ്യൂഹങ്ങള്‍ ശക്തം

മോസ്‌കോ: ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും തീവ്രമായ പോരാട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ, ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ സൈനിക വിമാനം അപ്രതീക്ഷിതമായി മോസ്‌കോയില്‍ ലാന്‍ഡ് ചെയ്തു. റഷ്യന്‍ തലസ്ഥാനത്തെ വ്‌നുക്കോവോ വിമാനത്താവളത്തിലാണ് യു.എസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റര്‍ III എന്ന ഭീമന്‍ യുദ്ധവിമാനം ചൊവ്വാഴ്ച ലാന്‍ഡ് ചെയ്തത്.

ഇരു വന്‍ശക്തികളും തമ്മില്‍ കനത്ത ഉപരോധങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന ഘട്ടത്തില്‍ നടന്നിട്ടുള്ള ഈ അസാധാരണ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിന്റെ പ്രധാന കേന്ദ്രവും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഗതാഗതത്തിന് ഉപയോഗിക്കുന്നതുമായ ക്യാമ്പ് സ്പ്രിങ്‌സിലെ ആന്‍ഡ്രൂസ് വ്യോമതാവളത്തില്‍ നിന്നാണ് ഈ വിമാനം യാത്ര തിരിച്ചത്. തുടര്‍ന്ന് ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍ നിന്നും രാവിലെ 8:50 ന് പറന്നുയര്‍ന്ന ആര്‍സിഎച്ച് 4555 (കോള്‍സൈന്‍), 07-7181 (രജിസ്‌ട്രേഷന്‍) എന്നി അടയാളങ്ങളുള്ള വിമാനം മോസ്‌കോയിലെത്തുകയായിരുന്നു.

സാധാരണയായി സൈനികര്‍, ആയുധങ്ങള്‍, മറ്റ് യുദ്ധോപകരണങ്ങള്‍ എന്നിവ ദീര്‍ഘദൂരം എത്തിക്കാന്‍ അമേരിക്കന്‍ വ്യോമസേന പ്രധാനമായും ആശ്രയിക്കുന്ന ഈ ഭീമന്‍ വിമാനത്തിന്റെ വരവ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അങ്ങേയറ്റം അപൂര്‍വമായ ഈ ലാന്‍ഡിങിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമോ വിമാനത്തില്‍ ആരാണെന്നോ ഉള്ള വിവരങ്ങള്‍ ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

സംഭവത്തില്‍ ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇത്തരമൊരു ലാന്‍ഡിങിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് ക്രെംലിന്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയത്. വന്‍ശക്തികള്‍ക്കിടയില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ അതോ മറ്റു വല്ല നയതന്ത്ര അടിയന്തിരാവസ്ഥയുമാണോ ഇതിന് പിന്നിലെന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയിലും ആഗോള മാധ്യമങ്ങളിലും വന്‍ ഊഹാപോഹങ്ങളും ഗൂഢസിദ്ധാന്തങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.