ചെന്നൈ: ബിജെപി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ച മുതിര്‍ന്ന നടനും രാഷ്ട്രീയ നേതാവുമായ ദേവന്‍ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്ക്. തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ ജോസഫ് വിജയുമായി സെപ്റ്റംബര്‍ പത്തിന് ചെന്നൈയില്‍ വെച്ച് നിര്‍ണായക കൂടിക്കാഴ്ച നടത്തും. തുടര്‍ന്നായിരിക്കും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
ദക്ഷിണേന്ത്യയില്‍ ഉടനീളം സംഘടനാ അടിത്തറ ശക്തമാക്കാന്‍ ലക്ഷ്യമിടുന്ന ടിവികെ, കേരളത്തിലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനമോ പ്രധാന ഏകോപന ചുമതലയോ ദേവന് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് നിയമസഭാ സമ്മേളനം തുടരുന്നതിനാലാണ് കൂടിക്കാഴ്ച സെപ്റ്റംബര്‍ പത്തിലേക്ക് മാറ്റിവെച്ചതെന്ന് ദേവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മുന്‍പ് ടിവികെ നേതാക്കള്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്.
2004 ല്‍ താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളും തമിഴ്നാട്ടില്‍ വിജയ് മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നവയാണെന്നും ബിജെപി വിട്ടത് ടിവികെയില്‍ ചേരാന്‍ വേണ്ടിയായിരുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 16 ന് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും അംഗത്വവും രാജിവെക്കുന്നതായി ദേവന്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. തീരുമാനം മാറ്റാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചെങ്കിലും അദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസമാണ് രാജിക്കത്ത് പാര്‍ട്ടിക്ക് ഔദ്യോഗികമായി കൈമാറിയത്.
2004 ല്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ദേവന്‍ 2021 മാര്‍ച്ച് മാസത്തിലാണ് പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിച്ചത്.