മുംബൈ: അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സിജെപി കണ്‍വീനര്‍ അഭിജീത് ദീപകെയ്‌ക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു.
ദീപകെയ്ക്ക് പുറമെ പാര്‍ട്ടി പ്രവര്‍ത്തകനായ അജിങ്ക്യ ഷിന്‍ഡെ, മറ്റ് സിജെപി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ലാത്തൂരിലെ ഔസ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്‌കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറാത്തലി നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി.
ലാത്തൂര്‍ ജില്ലയിലെ ജാവലിയിലുള്ള ജില്ലാ പരിഷത്ത് ഉറുദു സ്‌കൂളില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഭാരതീയ ന്യായ സംഹിത പ്രകാരം സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തല്‍, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്‌കൂളിലെത്തിയ സംഘം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരിക്കുകയും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെയും നിലവാരത്തെയും ചോദ്യം ചെയ്ത് അധ്യാപനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന് ദീപകെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുവന്ന് ക്ലാസ് മുറികളില്‍ ഇരുത്തിയിരിക്കുകയാണെന്ന് അവകാശപ്പെട്ട് സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിക്കാരി ആരോപിച്ചു. സ്‌കൂള്‍ സന്ദര്‍ശനത്തിന്റെയും വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിന്റെയും ദൃശ്യങ്ങള്‍ ദീപകെ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 15-ന് ആരംഭിച്ച 'സ്‌കൂള്‍ തീക് കരോ' കാമ്പയിന്റെ ഭാഗമായാണ് സിജെപി അംഗങ്ങള്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നത്.
ദിപ്‌കെയുടെ ജന്മനാടായ ഹിംഗോളിയില്‍ നിന്ന് ആരംഭിച്ച ഈ പ്രചാരണത്തിന്റെ ഭാഗമായി മുന്‍പും വിവിധയിടങ്ങളില്‍ സിജെപി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ജയ്പൂരിലെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ പ്രാദേശിക നിവാസികള്‍ സംഘത്തെ ആക്രമിച്ചിരുന്നു. കൂടാതെ, അനുമതിയില്ലാതെ പ്രവേശിക്കുന്നത് തടയാന്‍ മുംബൈയിലെ മുനിസിപ്പല്‍ സ്‌കൂളുകളില്‍ സിജെപി പ്രവര്‍ത്തകര്‍ കയറുന്നത് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ വിലക്കിയിട്ടുള്ളതാണ്.