മൂവാറ്റുപുഴ ജില്ലയാകുന്നു: അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മൂവാറ്റുപുഴ ജില്ലയാകുന്നു: അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മൂവാറ്റുപുഴ: കേരളത്തിലെ വലിയ ജില്ലകള്‍ വിഭജിച്ച് പുതിയ ഭരണപരിധികള്‍ രൂപീകരിക്കണമെന്ന ഭരണ-പ്രതിപക്ഷ ആവശ്യങ്ങള്‍ക്കിടെ മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കവെയാണ് വികസന മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന നയം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സംസ്ഥാനത്തെ നിലവിലെ ജില്ലാ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുന്നതിനും പുതിയ ജില്ലകളുടെ ആവശ്യകത പഠിക്കുന്നതിനുമായി ഉടന്‍ തന്നെ ഒരു ജില്ലാ പുനര്‍വിഭജന കമ്മീഷനെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയോഗിക്കും. ഈ കമ്മീഷന്റെ മുന്‍ഗണനാ പട്ടികയിലും പഠന പരിധിയിലും മൂവാറ്റുപുഴയെ ഉള്‍പ്പെടുത്തും. നിലവില്‍ എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്ന വാദം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മൂവാറ്റുപുഴ നിവാസികള്‍ക്ക് ഓണസമ്മാനമായി പുതിയ ജില്ലാ പ്രഖ്യാപനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ എറണാകുളം ജില്ലയിലെ പ്രധാന വികസന ഫണ്ടുകളും പദ്ധതികളും കൊച്ചി കേന്ദ്രീകൃത നഗര മേഖലകളിലേക്ക് മാത്രം പരിമിതപ്പെടുന്നുവെന്നും അതിനാല്‍ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര പ്രദേശങ്ങള്‍ക്ക് അര്‍ഹമായ വികസന പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ജില്ലാ പുനര്‍വിഭജന കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതോടെ മലയോര മേഖലയുടെ ദീര്‍ഘകാല ആവശ്യത്തിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.