ഉപഗ്രഹ വിക്ഷേപണത്തിനായുള്ള റോക്കറ്റ് നിര്‍മാണം സ്വകാര്യ മേഖലയ്ക്ക്; തീരുമാനത്തിനെതിരെ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

ഉപഗ്രഹ വിക്ഷേപണത്തിനായുള്ള റോക്കറ്റ് നിര്‍മാണം സ്വകാര്യ മേഖലയ്ക്ക്; തീരുമാനത്തിനെതിരെ മുന്‍  ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണത്തിനായുള്ള റോക്കറ്റ് നിര്‍മാണം പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍.

സ്വകാര്യ റോക്കറ്റിനെ ഐ.എസ്.ആര്‍.ഒ റോക്കറ്റുമായി താരതമ്യം ചെയ്യരുതെന്നും വിക്ഷേപണ കേന്ദ്രങ്ങളുടെ നടത്തിപ്പ് അടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.എല്‍.വി, പി.എസ്.എല്‍.വി, എല്‍.വി.എം എന്നീ മൂന്ന് റോക്കറ്റുകളുടെ സാങ്കേതിക വിദ്യയാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുക. ഇതിനുള്ള നടപടി തുടങ്ങിയതായി ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ഇന്‍സ്പെയ്‌സ് ചെയര്‍മാന്‍ ഡോ. പവന്‍കുമാര്‍ ഗോയങ്കെയാണ് വ്യക്തമാക്കിയത്.

റോക്കറ്റുകളുടെയും ചെറു ഉപഗ്രഹങ്ങളുടെയും നിര്‍മാണം പൂര്‍ണമായും സ്വകാര്യ മേഖലയ്ക്കോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ കൈമാറുന്നതോടെ ഗവേഷണത്തിലും പുതിയ സാങ്കേതിക വിദ്യകളിലുമായിരിക്കും ഐ.എസ്.ആര്‍.ഒ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്വകാര്യമേഖല ഐ.എസ്.ആര്‍.ഒയ്ക്ക് പകരമാവില്ലെന്നും ഇന്‍സ്പെയ്‌സിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും ജി.മാധവന്‍ നായര്‍ വിമര്‍ശിച്ചു.രാജ്യത്ത് ബഹിരാകാശ നിയമമാണ് വേണ്ടത്. രണ്ട് പരാജയങ്ങളുടെ പേരില്‍ ഐ.എസ്.ആര്‍.ഒയെ ഇടിച്ചുതാഴ്ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഒഴിവുകള്‍ നികത്തി സ്ഥാപനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുലശേഖരപട്ടണത്തെ വിക്ഷേപണ കേന്ദ്രം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിയല്ല. ഉദ്യോഗസ്ഥ മേധാവിത്വം ഐ.എസ്.ആര്‍.ഒയെ ബാധിച്ചിട്ടുണ്ട്. വിക്ഷേപണത്തിന് എട്ട് മാസത്തെ ഇടവേളയ്ക്കു കാരണം ചില ഇടപടലുകളാണെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് നിര്‍മിക്കുന്ന രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനമാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. 986 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കേന്ദ്രത്തില്‍ നിന്നായിരിക്കും ചെറുകിട ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.

ചെറു ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിനുള്ള എസ്.എസ്.എല്‍.വി റോക്കറ്റിന്റെ സാങ്കേതികവിദ്യ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എല്‍) കൈമാറിയിരുന്നു.

കൂടാതെ എച്ച്.എ.എല്‍, എല്‍ ആന്‍ഡ് ടി കമ്പനികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ആദ്യ സ്വകാര്യ പി.എസ്.എല്‍.വി റോക്കറ്റ് നിര്‍മിക്കുന്നത്. കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള എല്‍.വി.എം-3 യുടെ സാങ്കേതിക വിദ്യയും കൈമാറാനുള്ള തീരുമാനത്തിലാണ് ഐ.എസ്.ആര്‍.ഒ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.