ന്യൂയോർക്ക്: അരനൂറ്റാണ്ടിലേറെ കാലം സാധാരണ ആഹാരമോ വെള്ളമോ തൊടാതെ, ദിവ്യകാരുണ്യത്തിന്റെ കരുത്തിൽ മാത്രം ജീവിച്ച ഫ്‌ലോറിപ്പസ് ഡോര്‍നെല്ലസ് ഡി ജീസസ് (ലോല) എന്ന വിശുദ്ധ ആത്മാവിന്റെ അത്ഭുത ജീവിതം സിനിമയാകുന്നു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ റോഡ്രിഗോ അല്‍വാരസാണ് പോര്‍ച്ചുഗീസ് ഭാഷയിലുള്ള ‘ലോല ഓഫ് ജീസസ്: മിസ്റ്ററി ആന്‍ഡ് ഡിവോഷന്‍’ എന്ന ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം സാവോ പോളോയില്‍ നടന്നു.
ബ്രസീലിലെ മെര്‍സെസ് എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ച ലോലയുടെ ജീവിതം മാറിമറിഞ്ഞത് പതിനാറാമത്തെ വയസിലാണ്. ഒരു മരത്തില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്നതിനെത്തുടർന്ന് സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ യുവത്വത്തിൽ അവള്‍ എന്നന്നേക്കുമായി കിടപ്പിലായി.
എന്നാൽ ആ ദുരന്തത്തിന്റെ ഇരുട്ടറയിൽ തളർന്നുപോകാൻ അവൾ തയ്യാറായില്ല; മറിച്ച് തന്റെ വേദനകളെ ദൈവസ്‌നേഹത്തിന്റെ യാഗമായി മാറ്റാനാണ് അവൾ തീരുമാനിച്ചത്. 1943-ലെ ദുഖവെള്ളിയാഴ്ച ലോല ഒരു സുപ്രധാന തീരുമാനം എടുത്തു—ഇനി തനിക്ക് ഈ ലോകത്തിലെ അന്നവും വെള്ളവും വേണ്ട. അന്നുമുതൽ അൻപതിലധികം വർഷങ്ങൾ ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദിനവും സ്വീകരിക്കുന്ന ദിവ്യകാരുണ്യത്തിന്റെ മാത്രം ശക്തിയിൽ അവൾ ജീവിച്ചുപോന്നു.
ബിഷപ്പിന്റെ പ്രത്യേക അനുവാദത്തോടെ തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യത്തിൽ അഭയം പ്രാപിച്ച്, അവൾ ദൈവത്തോടൊപ്പം നിരന്തരം സംവദിച്ചു. അവളുടെ കിടപ്പുമുറി പിന്നീട് വേദനയനുഭവിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസവും പ്രാര്‍ത്ഥനയുടെ പ്രകാശവും പകരുന്ന സങ്കേതമായി മാറി.
മനുഷ്യശരീരത്തിന്റെ ജീവശാസ്ത്രപരമായ നിയമങ്ങളെപ്പോലും തിരുത്തിയെഴുതിയ ഈ ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതം ഇന്നും ക്രൈസ്തവ ലോകത്തിനും ശാസ്ത്ര ലോകത്തിനും ഒരുപോലെ അത്ഭുതമായി തുടരുകയാണ്.