ഹോസ്ദുര്‍ഗ് കോടതി ജഡ്ജി മടങ്ങി; കീഴടങ്ങുമെന്ന അഭ്യൂഹത്തിന് വിരാമം: രാഹുല്‍ ഒളിവില്‍ തുടരുന്നു

ഹോസ്ദുര്‍ഗ് കോടതി ജഡ്ജി മടങ്ങി; കീഴടങ്ങുമെന്ന അഭ്യൂഹത്തിന് വിരാമം: രാഹുല്‍  ഒളിവില്‍ തുടരുന്നു

കാസര്‍കോട്: പീഡനക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിക്ഷേധിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാഹുല്‍ ഹാജരായില്ല. രാത്രി ഏഴരയോടെ മജിസ്‌ട്രേറ്റ് മടങ്ങി.

കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ രാഹുല്‍ കീഴടങ്ങിയെക്കുമെന്നുള്ള അഭ്യൂഹത്തിന് വിരാമമായി. രാഹുല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി എന്ന വിവരവും വന്നിരുന്നു. എന്നാല്‍ രാഹുല്‍ കസ്റ്റഡിയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കീഴടങ്ങാന്‍ രാഹുല്‍ എത്തിയേക്കുമെന്നുള്ള വിവരത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ളവര്‍ കോടതിയില്‍ തുടരുകയും ചെയ്തു. ഉച്ചയോടെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നോ മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

കര്‍ണാടകയില്‍ നിന്ന് സുള്ള്യ, പാണത്തൂര്‍ വഴി രാഹുല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുവ മോര്‍ച്ചയും ഡിവൈഎഫ്ഐയും കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.