'ഇരു രാജ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ പാത കണ്ടെത്തുക': കരാറുകളെപ്പറ്റി സൂചന നല്‍കി പുടിന്‍

'ഇരു രാജ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ പാത കണ്ടെത്തുക': കരാറുകളെപ്പറ്റി സൂചന നല്‍കി പുടിന്‍

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി സുപ്രധാന കരാറുകള്‍ സാധ്യമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.

ആണവ സാങ്കേതിക വിദ്യ, ബഹിരാകാശ സാങ്കേതിക വിദ്യ, കപ്പല്‍ നിര്‍മാണം, വിമാന നിര്‍മാണം തുടങ്ങി നിരവധി സുപ്രധാന മേഖലകളില്‍ ഇന്ത്യയും റഷ്യയും നിലവില്‍ സഹകരിക്കുന്നുണ്ടെന്നും ആജ് തക്ക്, ഇന്ത്യാ ടുഡേ എന്നീ ദേശീയ മാധ്യമങ്ങള്‍ക്ക് നേരത്തേ നല്‍കിയ അഭിമുഖത്തില്‍ പുടിന്‍ പറഞ്ഞു.

'7.7 ശതമാനം വളര്‍ച്ചാ നിരക്കുള്ള ഒരു വികസ്വര രാജ്യമാണ് ഇന്ത്യ. ഇതൊരു വലിയ രാജ്യമാണ്. 1.5 ബില്യണ്‍ ജനങ്ങളുള്ള രാജ്യം. വരും വര്‍ഷങ്ങളില്‍ ഭാവിയിലെ നിരവധി പ്രധാന മേഖലകളില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഉയര്‍ന്ന സാങ്കേതിക വിദ്യ അതിലൊന്നാണ്'- റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ഭാവിയെ നിര്‍ണയിക്കുന്ന ഇന്നത്തെ സാങ്കേതിക വിദ്യയാണ് എഐ. ഇത്തരം മേഖലകളിലെ നമ്മുടെ പുരോഗതി ത്വരിതപ്പെടുത്താന്‍ കഴിയും. പക്ഷേ അതുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികള്‍ ഉണ്ടെന്നതും സത്യമാണ്.

എന്നാല്‍ ഈ സമയത്ത് ഇരു രാജ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ പാത കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.