ന്യൂഡല്‍ഹി: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പിന്നീട് ഇരുവരും മോഡിയുടെ ഔദ്യോഗിക കാറില്‍ പുടിനായി ഒരുക്കിയ താമസ സ്ഥലത്തേക്ക് പോയി.
ഇന്ത്യന്‍ സമയം വൈകുന്നേരം 6.35ന് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുടിന്റെയും സംഘത്തിന്റെയും വിമാനം ലാന്‍ഡ് ചെയ്തത്. 23-ാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് റഷ്യന്‍ പ്രസിഡന്റ് എത്തിയിരിക്കുന്നത്.
റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്. 2021 ന് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി കരാറുകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതില്‍ പ്രതിരോധ കരാറുകളും വ്യാപാര കരാറുകളും ഉള്‍പ്പെടുമെന്നാണ് വിവരം. വിദേശ രാജ്യത്തെ തലവനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ പോലും ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയത്.

മോഡി പുടിനെ നേരിട്ടെത്തി സ്വീകരിക്കും എന്നതിനെക്കുറിച്ച് റഷ്യന്‍ സംഘത്തിന് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി മോഡിയുടെ ഭാഗത്തു നിന്നുണ്ടായ ഈ ഊഷ്ടമളമായ നടപടി റഷ്യന്‍ സംഘത്തെ അദ്ഭുതപ്പെടുത്തിയതായും സ്പുടിനികിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധ മേഖലയില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും കരാറുകളും പ്രതീക്ഷിക്കപ്പെടുന്ന സന്ദര്‍ശനത്തിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നതിനാലാണ് പ്രധാനമന്ത്രി നേരിട്ട് വിമാനത്താവളത്തില്‍ എത്തി പുടിനെ സ്വീകരിച്ചത്.
വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ 11 ന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയാണ് പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.