അബുജ : ഭീകര സംഘടനകളുടെ തടങ്കലിൽ കഴിയുന്ന നൈജീരിയൻ വിദ്യാർത്ഥികൾക്കായി പ്രാർത്ഥന അഭ്യർത്ഥിച്ച് അമേരിക്കൻ ബിഷപ്പ് റോബർട്ട് ബാരൺ. തടവറയിൽ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന കുട്ടികൾക്കു വേണ്ടി ശബ്ദമുയർത്താനും പ്രാർത്ഥിക്കാനുമാണ് ബിഷപ്പ് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചത്.
സമീപ ആഴ്ചകളിലായി നൈജീരിയയിൽ 350 ലധികം സ്കൂൾ കുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ പാപ്പിരിയിലെ സെന്റ് മേരീസ് സ്കൂളിൽ നിന്നുള്ള 303 പേരും ഉൾപ്പെടുന്നു.
റോമിലെ സിനഡിനിടെ കണ്ടുമുട്ടിയ സിസ്റ്റർ മേരി ബാരൺ, ഒഎൽഎയിൽ നിന്ന് തനിക്ക് ഒരു ഇമെയിൽ ലഭിച്ചതായി ബിഷപ്പ് ബാരൺ അറിയിച്ചു. ഒഎൽഎ സന്യാസിനി സഭക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ ബാരന്റെ സഭാംഗങ്ങൾ സെന്റ് മേരീസ് സ്കൂളിൽ അധ്യാപനം നടത്തുന്നുണ്ട്. തട്ടിക്കൊണ്ടുപോയ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും മറ്റുള്ളവരോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടണമെന്നും സിസ്റ്റർ ബാരൺ അഭ്യർത്ഥിച്ചതായി ബിഷപ്പ് പറഞ്ഞു.
കുട്ടികൾ തടവിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന കടുത്ത ഉത്കണ്ഠയെക്കുറിച്ച് ചിന്തിക്കാൻ ബിഷപ്പ് റോബർട്ട് ബാരൺ ലോകത്തോട് ആവശ്യപ്പെട്ടു. "അവർക്കുവേണ്ടി പ്രാർത്ഥിക്കുക. നിങ്ങൾക്ക് കഴിയുമെങ്കിൽ ഒരു മാറ്റമുണ്ടാക്കാൻ കഴിയുന്ന ആളുകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരിക. ഈ കുട്ടികളെ സഹായിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക. അവർ ക്രിസ്തുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന് ഓർക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ."- ബിഷപ്പ് റോബർട്ട് ബാരൺ പറഞ്ഞു.
നവംബർ 21 ന് നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ പാപ്പിരിയിലുള്ള സെന്റ് മേരീസ് സ്കൂളിൽ നിന്നാണ് 303 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ഇതിന് ദിവസങ്ങൾക്ക് മുൻപ് കെബ്ബിയിലെ സ്കൂളിൽ നിന്ന് 24 പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയിരുന്നു. സെന്റ് മേരീസ് സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയവരിൽ 50 പേർ പിന്നീട് രക്ഷപ്പെട്ടു.