'കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോ മലബാര്‍ സഭയില്‍' എന്നതാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പഠന വിഷയം.
കൊച്ചി: മേജര്‍ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷനായുള്ള സീറോ മലബാര്‍ സഭ മുഴുവന്റെയും ആലോചനാ യോഗമായ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി അഥവാ സഭാ യോഗം ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലായിലെ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സെന്റ് തോമസ് കോളജ് കാമ്പസിലുമായി നടക്കും.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന അസംബ്ലിയുടെ ഉദ്ഘാടനം ഇന്ത്യയുടെ അപ്പസ്റ്റോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലി നിര്‍വ്വഹിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവ, കേരളാ ലത്തീന്‍ ബിഷപ്പ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മലങ്കര മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സി.ബി.സി.ഐ. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍, സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ അസംബ്ലിയുടെ വിവിധ ഘട്ടങ്ങളില്‍ സംസാരിക്കും.
സീറോ മലങ്കര സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. സഭയിലെ മെത്രാന്‍മാരുടെയും പുരോഹിത, സമര്‍പ്പിത, അല്‍മായ പ്രതിനിധികളുടെയും സംയുക്ത യോഗമാണിത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ആരൊക്കെയാണ് പങ്കെടുക്കേണ്ടത് എന്നത് സഭാ നിയമം നിശ്ചയിച്ചിട്ടുണ്ട്. 80 വയസില്‍ താഴെ പ്രായമുള്ള 50 പിതാക്കന്മാരും 108 വൈദികരും 146 അല്‍മായരും 37 സമര്‍പ്പിത സഹോദരിമാരും ഏഴ് ബ്രദേഴ്‌സും പ്രാതിനിധ്യ സ്വഭാവ ത്തോടെ ഉള്‍പ്പെടുന്ന 348 അംഗങ്ങളുമാണ് ഇത്തവണ പങ്കെടുക്കുന്നത്.
'കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോ മലബാര്‍ സഭയില്‍' എന്നതാണ് ഈ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പഠന വിഷയം. സീറോ മലബാര്‍ സഭയിലെ വിശ്വാസ പരിശീലന രൂപീകരണം, സുവിശേഷ പ്രഘോഷണത്തില്‍ അല്‍മായരുടെ സജീവ പങ്കാളിത്തം, സീറോ മലബാര്‍ സമുദായ ശാക്തീകരണം എന്നിങ്ങനെ മൂന്ന് പ്രധാന പ്രമേയങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ ഒരു വലിയ കൂട്ടായ്മയാണ് എന്ന യാഥാര്‍ഥ്യമാണ് സഭാ യോഗത്തിന്റെ അടിസ്ഥാനം. സഭയില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടി വരുമ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മെത്രാന്‍ സിനഡിനെയും സഹായിക്കാന്‍ വേണ്ടിയുള്ള ആലോചനാ യോഗമാണിത്.
കാലോചിതമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്ത് കര്‍മ പരിപാടികള്‍ രൂപീകരിക്കുന്നതിന് മെത്രാന്‍ സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ ദൗത്യം.
മാര്‍ തോമാശ്ലീഹാ സ്ഥാപിച്ച സീറോസമലബാര്‍സസഭ ആത്മീയവും ഭൗതികവുമായ വളര്‍ച്ചസകൊണ്ട് ആഗോളസകത്തോലിക്കാ സഭയില്‍ തനതായ ഒരു വ്യക്തിത്വം അടയാളപ്പെടുത്തിയിട്ടുണ്ട്. 1923 ല്‍ സീറോസമലബാര്‍സസഭ ഹയരാര്‍ക്കിക്കല്‍ ഘടനയുള്ള ഒരു സഭയായും 1992സല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയായും ഉയര്‍ത്തപ്പെട്ടു.
സ്വയം ഭരണാവകാശമുളള ഒരു വ്യക്തിഗത സഭ എന്ന നിലയില്‍ അതിന്റെ ഭരണ സംവിധാനങ്ങളില്‍ 'പള്ളിയോഗ'ങ്ങള്‍ക്കുള്ള സ്ഥാനം നിലനിര്‍ത്തിപ്പോരുന്നത് സഭയുടെ പാരമ്പര്യത്തോടുള്ള വിശ്വസ്തതയാണ്. സഭയുടെ ഭരണ സംവിധാനങ്ങളിലും ഭൗതിക വളര്‍ച്ചയിലും വിശ്വാസികളുടെ കൂട്ടായ്മ വഹിച്ച പങ്ക് അവര്‍ണനീയമാണ് എന്നത് ഈ സഭയുടെ ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്ന വസ്തുതയാണ്.
ഈ നാടിന്റെ സംസ്‌കാരത്തോട് ചേര്‍ന്നുള്ള ഒരു ഭരണ സംവിധാനമാണ് ആദികാലം മുതല്‍ ഈ സഭയില്‍ നില നിന്നിരുന്നത്. ദേശത്ത് പട്ടക്കാരായ വൈദികരുടെ നേതൃത്വത്തില്‍ എല്ലാ കുടുംബങ്ങളെയും കൂട്ടിച്ചേര്‍ത്ത് രൂപീകരിക്കുന്ന പള്ളി യോഗങ്ങളാണ് ഓരോ ഇടവകയുടെയും ഭൗതികമായ ഭരണ സംവിധാനങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഇടവക ജനങ്ങളുടെ കൂടിയാലോചനകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും പള്ളിയോഗങ്ങള്‍ സഹായകരമായിട്ടുണ്ട്.
'സഭ ദൈവജനമാകുന്നു' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനവും 'സഭ ഒരു കൂട്ടായ്മയാകുന്നു' എന്ന കൗണ്‍സിലാനന്തര പഠനവും സമഞ്ജസമായി സമ്മേളിക്കുന്ന മനോഹരമായ വേദിയാണ് സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ അസംബ്ലി. ഫ്രാന്‍സിസ് മാര്‍പാപ്പ സാര്‍വത്രിക സഭയെ സിനഡാലിറ്റിയുടെ അരൂപിയില്‍ നയിക്കാന്‍ പരിശ്രമിക്കുന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്.
പൗരസ്ത്യ സഭകള്‍ക്കായുളള കാനന്‍ നിയമത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 'മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അധ്യക്ഷതയിലുള്ള സഭയുടെ സമഗ്രമായ കൂടിയാലോചന സംവിധാനമാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി. പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും സഭാപരമായ അച്ചടക്കത്തിന്റെയും രൂപങ്ങളും രീതികളും സമന്വയിപ്പിക്കുന്നതിനും അവയെ കാലാനുസൃത സാഹചര്യങ്ങളുമായും സഭയുടെ പൊതു നന്മയ്ക്കായും അനുയോജ്യ മാക്കുന്നതിനും ഇത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡിനെയും സഹായിക്കുന്നു'.
മെത്രാന്‍ സിനഡിനോടു ചേര്‍ന്ന് ഓരോ രൂപതയിലെയും സന്യാസ സമൂഹങ്ങളിലെയും വിവിധ ഭക്ത സംഘടനകളിലെയും പ്രസ്ഥാനങ്ങളിലെയും പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. ഈ അസംബ്ലി പഠന വിധേയമാക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 2023 ജൂലൈയില്‍ പുറത്തിറക്കിയ 'പഠനരേഖ' എല്ലാ രൂപതകളിലും സമര്‍പ്പിത സമൂഹങ്ങളിലും വിവിധ തലങ്ങളില്‍ പഠനം നടത്തി.
ദക്ഷിണേന്ത്യന്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യന്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉജ്ജയിന്‍ പാസ്റ്ററല്‍ സെന്ററിലും ഒരുമിച്ച് കൂടുകയും ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്‌തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികള്‍ ഓണ്‍ലൈനായും സമ്മേളി ക്കുകയും യുവാക്കളുടെയും വിശ്വാസ പരിശീലകരുടെയും പ്രതിനിധികളും ഒരുമിച്ചുകൂടി പഠനരേഖ ചര്‍ച്ച ചെയ്തു.
രൂപതാ അസംബ്ലികളിലും അസംബ്ലി നടത്തുവാന്‍ സാധിക്കാത്ത രൂപതകളിലെ കാനോനിക സമിതികളിലും സമര്‍പ്പിത സമൂഹങ്ങളിലും ഈ രേഖ പഠന വിധേയമാക്കിയതിന്റെ ഫലമായി ലഭിച്ച ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു 'പ്രവര്‍ത്തന രേഖ' രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയില്‍ പ്രബന്ധാവതരണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടക്കുക. അസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന ആശയങ്ങള്‍ സീറോ മലബാര്‍ സഭയുടെ പഠനത്തിനും പ്രായോഗികതയ്ക്കും ഉതകും വിധം ഒരു പ്രബോധന രേഖയായി മേജര്‍ ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കും.
അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി വിളിച്ചു ചേര്‍ക്കണമെന്നതാണ് സഭാ നിയമം. സീറോ മലബാര്‍ സഭ 1992 ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998 ലാണ്. പിന്നീട് 2004, 2010, 2016 എന്നീ വര്‍ഷങ്ങളിലും സഭാ യോഗം കൂടുകയുണ്ടായി. 2016 ന് ശേഷം എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് 2024 ല്‍ അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് 2021 ല്‍ നടക്കേണ്ടിയിരുന്ന അസംബ്ലി ഇത്രയും വൈകാന്‍ കാരണമായത്.
ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന പത്ര സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി (ചെയര്‍മാന്‍, മാധ്യമ കമ്മീഷന്‍), ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ (കണ്‍വീനര്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി കമ്മിറ്റി), റവ.ഡോ. ആന്റണി വടക്കേകര വി.സി (പി.ആര്‍.ഒ. ആന്റ് മാധ്യമ കമ്മീഷന്‍ സെക്രട്ടറി), റവ.ഡോ. ജോജി കല്ലിങ്ങല്‍ (സെക്രട്ടറി, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി കമ്മിറ്റി), ഡോ. കൊച്ചുറാണി ജോസഫ് (സഭാ വക്താവ്), അഡ്വ. അജി ജോസഫ് (സഭാ വക്താവ്) എന്നിവര്‍ പങ്കെടുത്തു.