കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി കാണണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള സഹായങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി.
അഞ്ച് പേര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. തിരച്ചില്‍, കെട്ടിടാവശിഷ്ടം നീക്കല്‍, ക്യാമ്പുകള്‍ തുടരാനമുള്ള സഹായം എന്നിവ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പുനര്‍നിര്‍മ്മാണം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ സഹായം നല്‍കുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉപസമിതി വ്യക്തമാക്കി.
ഉരുള്‍പൊട്ടലില്‍ ഉണ്ടായ നാശനഷ്ടങ്ങളില്‍ കൂടുതല്‍ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കും. നാളെ ജനകീയ തിരച്ചിലിനൊപ്പം മറ്റ് തിരച്ചിലും നടത്തും. തിങ്കളാഴ്ച ഡൗണ്‍സ്ട്രീം കേന്ദ്രീകരിച്ച് പൂര്‍ണ തിരച്ചിലുണ്ടാകുമെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു.