തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. പുനരധിവാസത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുകക്കൊപ്പം സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവാക്കി പുനരധിവാസം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് കണ്ട് ബോധ്യപ്പെട്ടു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്. ടൗണ്‍ഷിപ്പ്, വീട് അടക്കമുള്ള പുനര്‍ നിര്‍മാണത്തിന് 2000 കോടിയും ജീവനോപാധി നഷ്ടപ്പെട്ടത് തിരികെ നല്‍കുക എന്നതിനടക്കം 1200 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നത്. മറ്റ് അധിക ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെ, കേന്ദ്രത്തില്‍ നിന്ന് പരമാവധി സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വയനട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.