കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും ജനകീയ തിരച്ചില്‍ നടക്കും. പുഞ്ചിരിമട്ടം, മുണ്ടക്കൈ,ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തും. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.
രാവിലെ ഒന്‍പത് മണിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് തിരച്ചിലില്‍ പങ്കെടുക്കാന്‍ സാധിക്കുക. വെള്ളിയാഴ്ചയും വിവിധയിടങ്ങളില്‍ ജനകീയ തിരച്ചില്‍ നടത്തിയിരുന്നു. ദുരന്തത്തില്‍ ഇതുവരെ 427 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇനി 130 പേരെയാണ് കണ്ടെത്താനുള്ളത്.
പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തും. വിവിധ സേനാ അംഗങ്ങള്‍ക്ക് പുറമേ പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും. സണ്‍റൈസ് വാലിയിലെ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും സൈന്യത്തിന്റെ സഹായത്തോടെ സൂചിപ്പാറ മേഖലയില്‍ പുഴയുടെ താഴ്ഭാഗങ്ങളില്‍ തിങ്കളാഴ്ച തിരച്ചില്‍ പുനരാരംഭിക്കും.