മുന്‍ മന്ത്രിയും ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുന്‍ മന്ത്രിയും ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുസ്ലീം ലീഗ് നേതാവും മുന്‍ തദ്ദേശ വകുപ്പ് മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി(71) അന്തരിച്ചു. 1992 ലെ ഉപ തിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996 ലും 2001 ല്‍ തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭയിലെത്തിയത്. 2004 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എം.എസ്.എം പോളിടെക്‌നിക് ഗവേര്‍ണിങ് ബോഡി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. ഭാര്യ ജഹാനര. രണ്ട് പുത്രന്മാരും ഒരു പുത്രിയുമുണ്ട്.

വാഹനാപകടത്തില്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുളള നിരവധി പ്രമുഖര്‍ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിയമസഭാ ചര്‍ച്ചകള്‍ക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉള്‍ച്ചേര്‍ക്കുന്നതില്‍ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു.തന്റെ നാടിന്റെയും താന്‍ പ്രതിനിധാനം ചെയ്ത ജന വിഭാഗത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭയില്‍ അദേഹം നിരന്തരം ശബ്ദം ഉയര്‍ത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.