വയനാട് ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്

വയനാട് ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ:  ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്

തിരുവനന്തപുരം: വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതല്‍ നിരന്തരം ഉരുള്‍പൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവില്‍ വന്‍ ദുരന്തം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. അപകടമുണ്ടായ പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. 2019 ല്‍ പുത്തുമലയിലും വെള്ളരിമലയിലും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി.

കഴിഞ്ഞ മാസം അവസാനം മുതല്‍ ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ 372.6 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. തെറ്റമലയില്‍ 409 മില്ലീ മീറ്റര്‍ മഴയും പെയ്തു. ഇതിനൊപ്പം മറ്റ് സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു.

മഴ പെയ്ത് മണ്ണ് നനഞ്ഞു കുതിര്‍ന്ന പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്തപ്പോള്‍ മര്‍ദ്ദം താങ്ങാനായില്ലെന്നും അതാണ് ഉരുള്‍പൊട്ടലിനിടയാക്കിയതെന്നുമാണ് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാറക്കല്ലുകളും മണ്ണും ചെളിയും വെള്ളവും ഏഴ് കിലോ മീറ്ററോളം അതിവേഗത്തില്‍ ഒഴുകി. ഈ കുത്തൊഴുക്കില്‍ പുന്നപ്പുഴയുടെ ഗതി മാറി.

അതാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും വന്‍ ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തിന്റെ ചരിവും ഉരുള്‍ പൊട്ടലിന്റെ ആഘാതം കൂട്ടി. 2015-16 കാലഘട്ടത്തില്‍ ഈ മേഖലയില്‍ ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ പഠനം നടത്തിയിട്ടുണ്ട്.

അന്ന് ചൂരല്‍മല, മുണ്ടക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങള്‍ ഉരുള്‍പൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. ഈ മേഖലയില്‍ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടക്കൈയിലെയും ചൂരല്‍മലയിലും ദുരന്തത്തിന്റെ കാരണങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.