മഴ കനത്തു: ദുരന്ത ഭൂമിയിലെ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി; പരപ്പന്‍പാറയില്‍ നിന്ന് രണ്ട് ശരീര ഭാഗങ്ങള്‍ കണ്ടെത്തി

മഴ കനത്തു: ദുരന്ത ഭൂമിയിലെ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി;  പരപ്പന്‍പാറയില്‍ നിന്ന് രണ്ട് ശരീര ഭാഗങ്ങള്‍ കണ്ടെത്തി

കല്‍പ്പറ്റ: കനത്ത മഴ പെയ്യുന്നതിനാല്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ തുടങ്ങിയ ദുരന്ത പ്രദേശങ്ങളിലെ ഇന്നത്തെ ജനകീയ തിരച്ചില്‍ നിര്‍ത്തി.

ഇന്ന് നടന്ന തിരച്ചിലില്‍ രണ്ട് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കാന്തന്‍പാറയില്‍ നടത്തിയ തിരച്ചിലില്‍ കാന്തന്‍പാറ പുഴക്ക് സമീപമാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.

പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന ഭാഗത്ത് രണ്ട് കാലുകളാണ് കണ്ടെത്തിയത്. പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തു നിന്ന് തന്നെയാണ് ശരീര ഭാഗങ്ങള്‍ കിട്ടിയത്. ഈ പ്രദേശത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ ഈ പ്രദേശത്ത് ഒഴുകിയെത്താനുള്ള സാധ്യത കൂടുതലാണ്. ചൂരല്‍മല, മുണ്ടക്കൈ ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചില്‍ നടത്തിയത്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന്റെ ഭാഗമായി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.