കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാര്‍ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയില്‍ അടക്കം ഇന്ന് തിരച്ചില്‍ തുടരുകയാണ്.
ഏഴ് സംഘങ്ങളായാണ് കലക്കന്‍ പുഴ മുതല്‍ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തിരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, ഫോറസ്റ്റ്, സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധയിടങ്ങളിലെ തെരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. ദുഷ്‌കരമായ ഇടങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളും ബാക്കിയുള്ള സ്ഥലത്ത് സന്നദ്ധപ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.
തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും ഡിഎന്‍എ പരിശോധന ഫലം ഇന്ന് മുതല്‍ പുറത്ത് വിട്ടു തുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന തൊണ്ണൂറ് ശതമാനത്തോളം പേരുടെ സാമ്പിളുകള്‍ നേരത്തെ ശേഖരിച്ചിരുന്നു. ഇവ ഒത്തുനോക്കിയായിരിക്കും മരിച്ചവരെ തിരിച്ചറിയുക.
അതേസമയം, ഇന്നലെ കാന്തന്‍പാറ, സൂചിപ്പാറ വെളളച്ചാട്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൂന്ന് ശരീര ഭാഗങ്ങള്‍ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് എയര്‍ലിഫ്റ്റ് ചെയ്യാനായിരുന്നില്ല. ഒടുവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്ന് മൂന്ന് ശരീര ഭാഗങ്ങളും മേപ്പാടിയിലെത്തിച്ചു. ഇവ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
അട്ടമലയില്‍ നിന്ന് ലഭിച്ച എല്ലിന്‍ കഷണം മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിക്കാനും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ സംഘം ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസ യോഗ്യമാണോയെന്നതില്‍ ശുപാര്‍ശ നല്‍കാനും അടുത്തയാഴ്ച സ്ഥലം സന്ദര്‍ശിക്കും.