കൊച്ചി: നിസ്‌കരിക്കാന്‍ സ്ഥലം വേണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ നിര്‍മല കോളജിലുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ കോതമംഗലം പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും സമാന ആവശ്യം ഉന്നയിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം.
സ്‌കൂളിലെ രണ്ട് പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഈ ആവശ്യമുന്നയിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഇത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് തടസം ഉണ്ടാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് കോതമംഗലം രൂപത ഐക്യ ജാഗ്രത സമിതി കുറ്റപ്പെടുത്തി.
പരസ്യമായ മതാചാരങ്ങള്‍ സ്‌കൂളില്‍ അനുവദിക്കാനാവില്ലെന്ന് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രധാനാധ്യാപിക അറിയിച്ചെങ്കിലും ഇതേ ആവശ്യം പിന്നീടും ആവര്‍ത്തിച്ചപ്പോള്‍ മാതാപിതാക്കളെ വിളിച്ച് കേരളത്തിലെ പൊതു വിദ്യാഭ്യാസ നിയമങ്ങളും ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും അടിസ്ഥാനമാക്കിയുള്ള മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ഈ വിഷയത്തില്‍ കത്തോലിക്ക മാനേജ്‌മെന്റ് സ്‌കൂളുകളുടെ എക്കാലത്തേയും നിലപാട് നിയമാനുസൃതവും വ്യക്തവുമാണ്. മത ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രൈസ്തവ വിശ്വാസവും സംസ്‌കാരവും പൈതൃകവും നിയമാനുസൃതമായി പരിരക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് തരുന്നുണ്ട്.
എന്നാല്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് കേരള വിദ്യാഭ്യാസ നിയമങ്ങള്‍ അനുസരിച്ച് പൊതു വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആരാധന സമയക്രമം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂര്‍ വരെ എന്നതാണ്. ഈ സൗകര്യം കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും നിയമാനുസൃതമല്ലാത്ത ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ നിരന്തരം ഉയരുന്ന ഇത്തരം ഭീഷണികള്‍ മതേതര സമൂഹത്തിന് ചേര്‍ന്നതല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും വിദ്യാലയങ്ങളിലെ അച്ചടക്കവും നശിപ്പിക്കുന്ന യാതൊരു തരത്തിലുള്ള കടന്നു കയറ്റങ്ങളും അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസും കോതമംഗലം രൂപത ഐക്യ ജാഗ്രത സമിതിയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.