വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഇന്നത്തെ തിരച്ചിലിൽ ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും കണ്ടെടുത്തു

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഇന്നത്തെ തിരച്ചിലിൽ ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും കണ്ടെടുത്തു

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിലിൽ ഇന്ന് ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂർ മേഖലയിൽ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തൻപാറയ്ക്ക് സമീപത്തെ ആനടിക്കാപ്പിൽ നിന്നും രണ്ട് ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നിലമ്പൂരിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, പൊലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങൾ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. 236 സന്നദ്ധ സേവകരാണ് തിങ്കളാഴ്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ തിരച്ചിലിനായി ചൂരൽമല കൺട്രോൾ റൂമിൽ രജിസ്റ്റർ ചെയ്തത്.

പ്രധാനമായും മുണ്ടക്കൈയിലെയും ചൂരൽമല പ്രദേശങ്ങളിലായിരുന്നു സന്നദ്ധ പ്രവർത്തകരെ തിരച്ചിലിനായി നിയോഗിച്ചത്. ചൂരൽമല പാലത്തിന് താഴെ ഭാഗത്ത് വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ചും പരിശോധന മുന്നേറി. അത്യധികം ദുഷ്‌കരമായ മേഖലയിൽ വനപാലകരും വിവിധ സേനാവിഭാഗങ്ങളും പ്രദേശം പരിചയമുള്ള സന്നദ്ധ സേവകരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.