കല്‍പറ്റ: ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ പരിശോധനയ്ക്കായി വിദഗ്ധ സംഘം ഇന്നെത്തും. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് പരിശോധന നടത്തുന്നത്. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകട സാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശുപാര്‍ശ ചെയ്യും. ഇത് അനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനവും ആള്‍ത്താമസവും മറ്റും തീരുമാനിക്കുക.
സി.ഡബ്ല്യു.ആര്‍.എം മേധാവി ഡോ. ടി.കെ ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തില്‍ ഉള്ളത്.