തിരുവനന്തപുരം: കെട്ടിടനിര്‍മാണ വ്യവസ്ഥകളിലടക്കം ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നിര്‍മാണ പെര്‍മിറ്റിന്റെ കാലാവധി 15 വര്‍ഷം വരെ നീട്ടി നല്‍കും. നിര്‍മാണം നടക്കുന്ന പ്ലോട്ടില്‍ തന്നെ ആവശ്യമായ പാര്‍ക്കിങ് ഒരുക്കണമെന്നതിലാണ് മറ്റൊരു ഇളവ്.
നിലവില്‍ അഞ്ച് വര്‍ഷമാണ് കെട്ടിടനിര്‍മാണ പെര്‍മിറ്റ് കാലാവധി. അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കാറുണ്ടെങ്കിലും പിന്നീടും നീട്ടാനുള്ള നടപടികള്‍ സങ്കീര്‍ണമാണ്. ഇതിനുള്ള കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കി അഞ്ച് വര്‍ഷത്തേക്ക് കൂടി അനുമതി നല്‍കുന്നതോടെയാണ് ആകെ 15 വര്‍ഷം കാലാവധി കിട്ടുകയെന്ന് മന്ത്രി എം.ബി രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
106 ചട്ടങ്ങളിലായി 351 ഭേദഗതി നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് മാറ്റങ്ങള്‍ വരുത്തുന്നത്. കെട്ടിടം നിര്‍മിക്കുന്ന പ്ലോട്ടില്‍ തന്നെ പാര്‍ക്കിങ് ഒരുക്കണമെന്നതിലെ മാറ്റം വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഗുണകരമാണ്. 25 ശതമാനം പാര്‍ക്കിങ് കെട്ടിടമുള്ള സ്ഥലത്ത് തന്നെ വേണം. ഉടമസ്ഥന്റെ പേരില്‍ 200 മീറ്ററിനകത്ത് സ്ഥലമുണ്ടെങ്കില്‍ അവിടെ 75 ശതമാനം വരെ അനുവദിക്കും. പാര്‍ക്കിങ് സ്ഥലത്ത് മറ്റ് നിര്‍മാണം ഉണ്ടാകില്ലെന്നും മറ്റാര്‍ക്കും കൈമാറില്ലെന്നും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായി ഉടമ കരാര്‍ ഉണ്ടാക്കണം.
കൂടാതെ വ്യാപാര-വാണിജ്യ-വ്യവസായ സേവന ലൈസന്‍സ് ഫീസിനുള്ള സ്ലാബുകളുടെ എണ്ണം കൂട്ടും. ലൈസന്‍സ് എടുക്കുന്നത് വൈകിയാല്‍ മൂന്നും നാലും ഇരട്ടി പിഴയീടാക്കില്ല. നിയമ ലംഘനം ഇല്ലെങ്കിലാണ് പിഴയില്‍ ഇളവ്. വീടിനോട് ചേര്‍ന്നുള്ള ചെറുകിട വ്യാവസായിക, ഉല്‍പാദക, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനും (ഇപ്പോള്‍ വ്യവസ്ഥയില്ല) ചട്ടങ്ങളില്‍ മാറ്റം വരുത്തും.
മറ്റ് ഇളവുകള്‍ അറിയാം:
*ഗാലറി ഇല്ലാത്ത ടര്‍ഫുകള്‍ക്ക് പാര്‍ക്കിങില്‍ ഇളവ് നല്‍കും
*സ്‌കൂള്‍, കോളജ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് ഫ്ളോര്‍ ഏരിയ അനുസരിച്ചുള്ള കാര്‍ പാര്‍ക്കിങ് എന്നതിലും മാറ്റം വരുത്തും
*നിലവില്‍ പ്ലോട്ടിന്റെ അളവില്‍ ഏതെങ്കിലും കാരണത്താല്‍ വ്യത്യാസം വന്നാല്‍ (വില്‍പ്പന, ദാനം, റോഡിന് വിട്ടു നല്‍കല്‍, ഭൂമി അധികമായി നേടല്‍) പെര്‍മിറ്റ് റദ്ദാക്കും. എന്നാല്‍, വിസ്തൃതിയില്‍ കുറവോ കൂടുതലോ വന്നശേഷവും മറ്റ് വിധത്തില്‍ ചട്ടലംഘനമില്ലെങ്കില്‍ പെര്‍മിറ്റ് നിലനില്‍ക്കുന്നവിധം വ്യവസ്ഥകള്‍ പരിഷ്‌കരിക്കും.
*റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഡിവലപ്‌മെന്റ് പെര്‍മിറ്റെടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളാക്കി വില്‍ക്കുമ്പോള്‍ പൊതുസൗകര്യം ഇല്ലാതാകാറുണ്ട്. ഇതുമൂലം ചെറുപ്ലോട്ട് ഉടമകള്‍ക്ക് പെര്‍മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കും. ഡിവലപ്പര്‍ക്കെതിരേ നിയമ നടപടിയുമെടുക്കും.
*പെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചാല്‍ തിരുവനന്തപുരത്തെ തദ്ദേശസ്വയംഭരണ സ്ഥാപന ട്രിബ്യൂണലിലാണ് ഇപ്പോള്‍ അപ്പീല്‍ നല്‍കേണ്ടത്. പകരം ജില്ലാതല ഉദ്യോഗസ്ഥരെ ചേര്‍ത്ത് ഒന്നാം അപ്പലെറ്റ് അതോറിറ്റിയുണ്ടാക്കും.