ന്യൂഡല്‍ഹി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവര്‍ത്തികള്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) പഠന റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് സാധാരണയേക്കാള്‍ പത്ത് ശതമാനം അധിക മഴ ആ ദിവസങ്ങളില്‍ പെയ്തിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രകൃതി ക്ഷോഭങ്ങളുടെ ആഘാതം ലഘൂകരിക്കുക, ഭാവിയില്‍ ദുരന്തങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അന്തര്‍ ദേശീയ കൂട്ടായ്മയാണ് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍. ഇന്ത്യ, മലേഷ്യ, അമേരിക്ക, സ്വീഡന്‍, നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള 24 ഗവേഷകരാണ് വയനാട് ദുരന്തത്തെപ്പറ്റി പഠനം നടത്തിയത്.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഒറ്റ ദിവസം പെയ്തിറങ്ങിയത് 146 മില്ലി മീറ്റര്‍ മഴയായിരുന്നു. ഈ കണക്ക് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മൂന്നാമത്തെ കനത്ത മഴയാണ്. മനുഷ്യ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായ മണ്ണിടിച്ചില്‍ മഴ കൂടുതല്‍ തീവ്രമാക്കിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മലയോര ജില്ലയായ വയനാട്ടിലെ മണ്ണ് കേരളത്തിലെ ഏറ്റവും അയഞ്ഞതും മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നതുമാണ്. ഇവിടങ്ങളില്‍ മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മലയോര മേഖലകളിലെ നിര്‍മാണം, വന നശീകരണം, ക്വാറികള്‍ എന്നിവ നിയന്ത്രിക്കണമെന്നും ഗവേഷകര്‍ പറയുന്നു.
അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങളെ സംബന്ധിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താനും ഒഴിപ്പിക്കല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും ശുപാര്‍ശ ചെയ്യുന്നു. ഒറ്റ ദിവസമുണ്ടാകുന്ന അതിതീവ്ര മഴ പോലുള്ളവ കുറയ്ക്കാനായി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കണമെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ട് - ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് ഇന്‍വയേണ്‍മെന്റ് ഗവേഷക മറിയം സക്കറിയ പറഞ്ഞു.