'പുഞ്ചിരിമട്ടം വാസയോഗ്യമല്ല, ചൂരല്‍മല യോഗ്യം'; പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഭൗമ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി

'പുഞ്ചിരിമട്ടം വാസയോഗ്യമല്ല, ചൂരല്‍മല യോഗ്യം'; പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഭൗമ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി

കല്‍പ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ശേഷിക്കുന്ന വീടുകളിലെ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി. എന്നാല്‍ ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും താമസ യോഗ്യമാണെന്നും അദേഹം വ്യക്തമാക്കി. ദുരന്ത മേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.

പുഞ്ചിരിമട്ടത്ത് പുഴയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെ താമസം ആപത്കരമാണ്. ചൂരല്‍മല താമസ യോഗ്യമാണ്. എന്നാല്‍ ഇവിടെ ഇനി നിര്‍മാണ പ്രവര്‍ത്തനം നടത്തണോ എന്നത് സര്‍ക്കാര്‍ നയപരമായി തീരുമാനം എടുക്കേണ്ട വിഷയമാണ്. സുരക്ഷിത സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും. പത്ത് ദിവസത്തിനകം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദേഹം പറഞ്ഞു.

ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 570 മില്ലി മീറ്റര്‍ മഴ ഉണ്ടായെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ സംഘം പരിശോധന നടത്തി. ഇതിന് മുന്‍പ് മൂന്ന് തവണ സമാനമായ ഉരുള്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ദുരന്തമുണ്ടാകാന്‍ കാരണം ഉരുള്‍പൊട്ടി സീതമ്മക്കുണ്ടില്‍ താല്‍കാലിക രൂപപ്പെട്ട ജലസംഭരണി പൊട്ടിയതു കൊണ്ടാണ്. വനപ്രദേശത്ത് ഉരുള്‍പൊട്ടിയതിനാല്‍ മരങ്ങള്‍ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.