ഫാദര്‍ മാത്യു കുടിലില്‍ അന്തരിച്ചു; അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ തലശേരി അതിരൂപത

ഫാദര്‍ മാത്യു കുടിലില്‍ അന്തരിച്ചു; അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ തലശേരി അതിരൂപത

തലശേരി: ദേശീയപതാക ഊരിയെടുക്കുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനില്‍ തട്ടി തലശേരി അതിരൂപതാ അംഗമായ യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ദേവാലയത്തിലെ വികാരി ഫാ. മാത്യു (ഷിന്‍സ്) കുടിലില്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. സംസ്‌കാരം പിന്നീട്.

വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം നടന്നത്. ഭൗതിക ശരീരം മുള്ളേരി ആശുപത്രി മോര്‍ച്ചറിയില്‍.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ദേശീയ പതാക കൊടിമരത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് ഫാ. മാത്യു ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ വികാരിയായി ചുമതലയേറ്റത്.

കണ്ണൂര്‍ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ് ഫാ. മാത്യു. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.
മൂന്ന് വര്‍ഷം മുമ്പായിരുന്നു അദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. കുടിയാന്മല, നെല്ലിക്കാംപൊയില്‍, ചെമ്പത്തൊട്ടി എന്നിവിടങ്ങളില്‍ അസി. വികാരിയായി പ്രവര്‍ത്തിച്ചിരുന്നു. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥി കൂടിയാണ്.

തലശേരി അതിരൂപതയെ മുഴുവന്‍ സങ്കടക്കടലില്‍ ആഴ്ത്തിയാണ് യുവ വൈദികന്റെ അപ്രതീക്ഷിത വിയോഗം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.