തൃശൂർ: റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി 36 വയസുള്ള സന്ദീപാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിങ് സംഘത്തിന് നേരെയായിരുന്നു ആക്രമണം എന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.
സന്ദീപ് ഉള്‍പ്പെട്ട സംഘത്തിന് നേരെ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിവരം നാട്ടിലറിയുന്നത്. എന്നാൽ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്നാണ് റഷ്യയിലെ മലയാളി സംഘടനകൾ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്.
ശനി, ഞായർ ദിവസങ്ങൾ എംബസി അവധിയായതിനാൽ അധികൃതരുടെ ഔദ്യോഗിക അറിയിപ്പും ചിത്രങ്ങളും അടുത്ത ദിവസമേ ലഭിക്കു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് എഴു പേരും ജോലിക്കായി റഷ്യയിലേക്ക് പോയത്. മോസ്കോയിൽ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നതായും പറയുന്നു.