കോട്ടയം: ജെസ്ന മരിയ ജെയിംസിനെ കാണാതായ കേസില്‍ സിബിഐ സംഘം മുണ്ടക്കയത്തെ ലോഡ്ജുടമ ബിജു സേവ്യറിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം ലോഡ്ജിലും പരിശോധന നടത്തി. ജെസ്നയെ കണ്ടതായി വെളിപ്പെടുത്തിയ ലോഡ്ജിലെ മുന്‍ ജീവനക്കാരിയില്‍ നിന്ന് ഇതുവരെ മൊഴിയെടുത്തിട്ടില്ല.
ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിബിഐ മുണ്ടക്കയത്ത് എത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍, ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നായിരുന്നു ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്ന് ഒരു യുവാവ് ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജെസ്‌നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യം പുറത്തു പറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.