തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍പ്പെട്ട 17 കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ലെന്നും ഈ കുടുംബങ്ങളില്‍ നിന്ന് 65 പേരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 179 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്തബാധിത മേഖലയിലെ 729 കുടുംബങ്ങളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 219 കുടുംബങ്ങള്‍ നിലവില്‍ ക്യാമ്പുകളിലുണ്ട്. മറ്റുള്ളവര്‍ വാടക വീടുകളിലേക്കോ, കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും.
75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപണികള്‍ നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. അതില്‍ 123 എണ്ണം നിലവില്‍ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ച് നല്‍കിയിട്ടുണ്ട്.
മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്നും നാല് ലക്ഷം രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് രണ്ട് ലക്ഷം രൂപ അടക്കം ആറ് ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിന് പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറി.
119 പേരെയാണ് ഇനി കണ്ടെത്താന്‍ അവശേഷിക്കുന്നത്. അവരുടെ ബന്ധുക്കളില്‍ നിന്ന് 91 പേരുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.