കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം പ്രതിസന്ധിയില്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് മേപ്പാടി, വൈത്തിരി മേഖലയില്‍ വാടക വീട് കിട്ടാനില്ല എന്നതാണ് കാരണം.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നവരോട് സ്വമേധയാ വാടക വീട് കണ്ടെത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാര്‍ കണ്ടെത്തിയ വാടക കെട്ടിടങ്ങളിലേക്ക് എന്നു മുതല്‍ മാറ്റും, മേപ്പാടി, വൈത്തിരി തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നവരുടെ മുന്‍ഗണന എങ്ങനെയാണ്, വാടക ഇനത്തില്‍ നല്‍കുന്ന 6000 രൂപ എത്ര കാലം സര്‍ക്കാര്‍ നല്‍കും എന്നീ കാര്യങ്ങളിലും വ്യക്തതയില്ല. 975 പേരാണ് നിലവില്‍ ക്യാമ്പില്‍ കഴിയുന്നത്.
സ്ഥിരമായ പുനരധിവാസം യാഥാര്‍ത്ഥ്യമാകും വരെ ബന്ധു വീടുകളില്‍ കഴിയുന്നവര്‍ക്ക് ഉള്‍പ്പെടെ വാടക നല്‍കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കേന്ദ്രത്തിന് നല്‍കാനുള്ള വിശദമായ മെമ്മോറാണ്ടം തയ്യാറായി. രണ്ട് ദിവസത്തിനുള്ളില്‍ കൈമാറും. 1200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കെന്നും മന്ത്രി വിശദീകരിച്ചു.