തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള തെരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ടു. അസാം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയാവൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ തസ്മീന്‍ ബീഗത്തെ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കഴക്കൂട്ടത്തെ വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ വീട്ടുകാര്‍ ഉടന്‍ വിവരം കഴക്കൂട്ടം പൊലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ബാഗില്‍ വസ്ത്രങ്ങള്‍ എടുത്താണ് കുട്ടി പോയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുന്‍പാണ് കുട്ടി കഴക്കൂട്ടത്ത് എത്തുന്നത്. കുട്ടിക്ക് മലയാളം അറിയില്ല. കുട്ടി ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാണാതായ സമയം കുട്ടി ചുവന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. പല സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 94979 60113 എന്ന നമ്പറില്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
അതേസമയം കുട്ടിയെ കുറിച്ച് സൂചന കിട്ടിയതായി തിരുവനന്തപുരം ഡിസിപി മാധ്യമങ്ങളോട് സിസിടിവി പരിശോധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കണ്ടതായി ഒരാള്‍ ഫോണില്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.