തിരുവന്തപുരം: ഡോ. വി.വേണു വിരമിക്കുന്ന ഒഴിവില്‍ അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കും.
നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ സേവന കാലാവധി ഓഗസ്റ്റ് 31 ന് അവസാനിക്കും. അദേഹത്തിന്റെ ഭാര്യയാണ് ശാരദ മുരളീധരന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശാരദ മുരളീധരനെ വി വേണുവിന്റെ പിന്‍ഗാമിയായി തീരുമാനിച്ചത്.
സംസ്ഥാനത്തെ അമ്പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദ മുരളീധരന്‍. സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭര്‍ത്താവിന്റെ പിന്‍ഗാമിയായി പങ്കാളി ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.
ഡോ. വി.വേണുവും ശാരദ മുരളീധരനും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. സിവില്‍ സര്‍വീസ് ട്രെയ്‌നിങിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. മനോജ് ജോഷിക്ക് മാത്രമാണ് ഇവരെക്കാള്‍ സീനിയോറിറ്റിയുള്ളത്. 2027 ജനുവരി വരെ കാലാവധിയുള്ള അദേഹം കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്ന് മടങ്ങി വരില്ലെന്നാണ് വിവരം.
ശാരദയ്ക്കു 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. മുന്‍പ് വി.രാമചന്ദ്രന്‍ പത്മ രാമചന്ദ്രന്‍, ബാബു ജേക്കബ് ലിസി ജേക്കബ് ദമ്പതികള്‍ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ക്കു തൊട്ടു പിന്നാലെയല്ല മറ്റെയാള്‍ പദവിയിലെത്തിയത്.
തിരുവനന്തപുരത്ത് തൈക്കാടാണ് ശാരദ മുരളീധരന്റെ സ്വദേശം. അച്ഛന്‍ ഡോ. കെ.എ. മുരളീധരന്‍. അമ്മ കെ.എ.ഗോമതി. ഇരുവരും എന്‍ജിനീയറിങ് കോളജില്‍ അധ്യപകരായിരുന്നു.