കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
റിപ്പോര്‍ട്ട് നാലര വര്‍ഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സര്‍ക്കാര്‍ ചെയ്തുവെന്നും പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യുസിസിയും ഉയര്‍ത്തിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കോണ്‍ക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേര്‍ത്ത് പിടിക്കാന്‍ ആരെയും കണ്ടില്ല. ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. കേസെടുക്കാന്‍ പറ്റില്ലെന്ന ബെഹ്‌റയുടെ ഉപദേശം സര്‍ക്കാര്‍ ആഗ്രഹിച്ചതാണ്.
ബെഹ്റയല്ല, കേസെടുക്കണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണം. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍, ഗണേഷ് കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീ വിഷയം ആയിട്ടാണ് ഇതിനെ കാണുന്നതെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം തുടരുകയാണ് മലയാള സിനിമ താര സംഘടനയായ എഎംഎംഎ. എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിചിത്ര വിശദീകരണം. എക്‌സിക്യൂട്ടീവ് യോഗത്തിന്റ തിയതി ഇനിയും തീരുമാനിച്ചിട്ടില്ല.
റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.