തൃശൂര്‍: മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് ഫൂട്ടേജ് എന്ന സിനിമയിലെ നടി. ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യത്തിന് സുരക്ഷയൊരുക്കിയില്ലെന്ന് കാണിച്ചാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ മഞ്ജുവിന് നടി ശീതള്‍ തമ്പി നോട്ടിസ് അയച്ചത്. അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമയില്‍ മെഡിക്കല്‍ ഓഫീസറുടെ വേഷത്തില്‍ ശീതള്‍ അഭിനയിക്കുന്നുണ്ട്. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഇതില്‍ അപകടം പിടിച്ച ഒരു സീന്‍ ഉണ്ടായിരുന്നു. ഇത് ചെയ്യാന്‍ മതിയായ സുരക്ഷ ഒരുക്കിയില്ല. ഒന്നിലേറെ തവണ ഈ സീന്‍ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമൂലം പരിക്കേറ്റെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്നും ആരോപിക്കുന്നു. ആശുപത്രിയില്‍ വലിയ തുക ചെലവായി. പല ഘട്ടങ്ങളിലായി 1,80000 രൂപ മാത്രമാണ് നിര്‍മാണ കമ്പനി നല്‍കിയത്. ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ അഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
നേരിട്ട് നിര്‍മാതാക്കളെ സമീപിച്ചിട്ടും അനുകൂല നിലപാട് എടുക്കാതെ വന്നതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ശീതളിന്റെ അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ പ്രതികരിച്ചു. മഞ്ജു വാര്യരെ കൂടാതെ നടിയുടെ നിര്‍മാണ കമ്പനിയായ മൂവി ബക്കറ്റിലെ പാര്‍ട്ണര്‍ ബിനീഷ് ചന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയാണ് ശീതള്‍ തമ്പി. ഇന്നാണ് സിനിമ തീയേറ്ററിലെത്തുന്നത്.