കൊച്ചി: നടന്‍ നിര്‍മല്‍ വി. ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ആമേന്‍' സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ്. നിര്‍മാതാവ് സഞ്ജയ് പടിയൂര്‍ ആണ് നിര്‍മലിന്റെ വിയോഗ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചന്‍, എന്റെ 'ദൂരം' സിനിമയിലെ കേന്ദ്ര കഥാപാത്രം നിര്‍മല്‍ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.
പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു'- സഞ്ജയ് പടിയൂര്‍ കുറിച്ചു.
ആമേനിലെ പള്ളീലച്ചന്റെ റോളിലാണ് നിര്‍മല്‍ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കോമഡി താരമായാണ് നിര്‍മല്‍ കരിയര്‍ ആരംഭിക്കുന്നത്. 2012 ല്‍ പുറത്തു വന്ന നവാഗതര്‍ക്ക് സ്വാഗതം ആയിരുന്നു ആദ്യ ചിത്രം. ആമേന്‍ ഉള്‍പ്പടെ അഞ്ച് സിനിമകളില്‍ വേഷമിട്ടു. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു താരം.