കൊച്ചി: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പ കുടിശിക സഹായധനത്തില്‍ നിന്ന് ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയ്ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തെ തുടര്‍ന്ന് സ്വമേധയ എടുത്ത കേസിലാണ് കോടതിയുടെ നിര്‍ദേശം.
വിഷയത്തില്‍ സര്‍ക്കാരും അമിക്കസ് ക്യൂറിയായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് തമ്പാനും റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തു. ദുരന്തബാധിതര്‍ക്ക് അനുവദിച്ച സഹായധനത്തില്‍ നിന്ന് വായ്പക്കുടിശിക ഈടാക്കിയ സംഭവം ഉണ്ടായോയെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. സഹായധനത്തില്‍ നിന്ന് ബാങ്കുകള്‍ ഇ.എം.ഐ ഈടാക്കിയെന്ന മാധ്യമ വാര്‍ത്തകളടക്കം കണക്കിലെടുത്താണ് കോടതി പ്രതികരണം.
ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തില്‍ നിന്ന് ബാങ്കുകള്‍ക്ക് വായ്പക്കുടിശിക ഈടാക്കാനാകില്ല. അത് ട്രസ്റ്റ് നല്‍കുന്നത് പോലുള്ള സഹായമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സഹാനുഭൂതിയോടെയുള്ള നിലപാട് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വി.എം ശ്യാംകുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മനുഷ്യത്വ പൂര്‍ണമായ സമീപനമാണ് ഉണ്ടാകേണ്ടത്. ആദ്യത്തെ അഞ്ച് ദിവസം എല്ലാവരും കരയും. അതിന് ശേഷം കാര്യങ്ങള്‍ മാറുകയാണ് ഉണ്ടാകുകയെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ അതോറിറ്റിയില്‍ വിദഗ്ധരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലെ തീരുമാനം, വിദഗ്ധര്‍ അടങ്ങിയ ഉപദേശക സമിതി രൂപവല്‍കരിച്ചിട്ടുണ്ടോ, ദുരന്തനിവാരണത്തിന് തയ്യാറാക്കിയ പ്ലാന്‍, ഇതിനായി അനുവദിച്ച ഫണ്ട് എന്നിവയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
വിഷയത്തില്‍ തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മറ്റുള്ള ഹര്‍ജികള്‍ അനുവദിക്കില്ലെന്നും വിഷയം അമിക്കസ് ക്യുറിയെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ ചില മേഖലയില്‍ അപകട സാധ്യതയുണ്ടെന്ന മാധ്യമവാര്‍ത്തയിലും കോടതി വിവരങ്ങള്‍ ആരാഞ്ഞു. വിഷയം സെപ്റ്റംബര്‍ ആറിന് വീണ്ടും പരിഗണിക്കും.