കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍. സെപ്റ്റംബര്‍ രണ്ടിന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി മൂന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രദേശത്തെ ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. മൂന്ന് കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 0221 എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് എത് സമയത്തും ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.
അതേസമയം വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്ത മേഖലയിലെ അപകട സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ചുമാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ജോണ്‍ മത്തായി നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്‍ പുനരധിവാസം സംബന്ധിച്ചും അപകട മേഖലകള്‍ സംബന്ധിച്ചുള്ളതുമാണ് സമര്‍പ്പിച്ചത്. പുനരധിവാസത്തിന് 24 സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നതില്‍ 12 ഇടത്ത് വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ഇതില്‍ അഞ്ച് സ്ഥലങ്ങള്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അപകട മേഖലകളാണ് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഉള്ളത്. പുഴയില്‍ നിന്നുള്ള ദൂരം, ഭൂമിയുടെ ചെരിവ്, നീര്‍ച്ചാല്‍ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ അപകട മേഖലകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളില്‍ പുഴയില്‍ നിന്ന് 350 മീറ്റര്‍ വരെ അപകട മേഖലയായി തരം തിരിച്ചിട്ടുണ്ട്. മാത്രമല്ല അന്‍പത് മീറ്റര്‍ ഉണ്ടായിരുന്ന പുഴ ഉരുള്‍പ്പൊട്ടലോടെ നൂറോ നൂറ്റമ്പതോ മീറ്ററായി പരിണമിച്ചിട്ടുണ്ട്.