കണ്ണൂർ: നിപ രോഗം സംശയിച്ച് പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർക്കും നിപയല്ലെന്ന് സ്ഥിരീകരണം. ഇരുവരുടേയും പരിശോധനാഫലം നെഗറ്റീവ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെയും സാമ്പിളുകൾ നെഗറ്റീവ് ആയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
നിപയ്ക്ക് സമാനമായ ലക്ഷണങ്ങളുമായാണ് മട്ടന്നൂർ മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പിതാവിനേയും മകനേയും ഇന്നലെ പരിയാരത്ത് പ്രവേശിപ്പിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽനിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. നേരിയ ലക്ഷണങ്ങളാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. നിലവിൽ പ്രത്യേക ഐസൊലേഷൻ വാർഡിലാണ് ഇവർ കഴിയുന്നത്.