2023 ല്‍ പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ എത്തിയത് കൊല്ലം ജില്ലയിലേയ്ക്ക്; കേരളത്തിലെത്തിയത് രണ്ട് ലക്ഷം കോടി

2023 ല്‍ പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ എത്തിയത് കൊല്ലം ജില്ലയിലേയ്ക്ക്; കേരളത്തിലെത്തിയത് രണ്ട് ലക്ഷം കോടി

കൊല്ലം: പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ജില്ലകളില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്ക്. ഏറെക്കാലമായി മലപ്പുറം ജില്ല നിലനിര്‍ത്തിയിരുന്ന ഒന്നാം സ്ഥാനമാണ് 2023 ല്‍ കൊല്ലം ജില്ല കരസ്ഥമാക്കിയതെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ 2023 പറയുന്നു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ്. ഇരുദയരാജനാണ് പഠനം നടത്തിയത്.

റിപ്പോട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ ആകെ പ്രവാസി പണത്തിന്റെ 17.8 ശതമാനം കൊല്ലം ജില്ലയിലേക്കാണ് പോയത്. മലപ്പുറം ജില്ലയാണ് രണ്ടാമത്, 16.2 ശതമാനം. 40.1 ശതമാനം പണം മുസ്ലീം കുടുംബങ്ങളിലേക്കും 39.1 ശതമാനം ഹിന്ദു കുടുംബങ്ങളിലേക്കും 20.8 ശതമാനം ക്രിസ്ത്യന്‍ കുടുംബങ്ങളിലേക്കും എത്തിയെന്ന് പഠനം വ്യക്തമാക്കുന്നു.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ആകെ 2,16,893 കോടി രൂപയാണ് എത്തിയത്. കോവിഡിന് ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2018 ല്‍ 85,092 കോടിയായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇവിടെ നിന്നാണ് അഞ്ച് വര്‍ഷത്തിനിപ്പുറം രണ്ട് ലക്ഷം കോടിയിലേക്ക് എത്തിയത്. അഞ്ച് വര്‍ഷത്തിനിടെ 154 ശതമാനമാണ് സംസ്ഥാനത്ത് എത്തിയ വിദേശ പണത്തിന്റെ വര്‍ധന.

എന്നാല്‍ ഈ പണം എത്തുന്ന വീടുകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. 2018 ല്‍ 16 ശതമാനം വീടുകളിലേക്ക് പണമെത്തിയിരുന്നു. 2023 ല്‍ ഇത് 12 ശതമാനമായി മാറി. അതേസമയം രാജ്യത്തെത്തുന്ന വിദേശ പണത്തിന്റെ 21 ശതമാനം വിഹിതം കേരളത്തിലേക്ക് എന്നതില്‍ 2023 ലും മാറ്റമുണ്ടായില്ല. 2019 മുതല്‍ 21 ശതമാനം വിഹിതമാണ് കേരളം നിലനിര്‍ത്തുന്നത്. സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 1.7 ഇരട്ടിയാണ് 2023 ല്‍ വിദേശത്ത് നിന്ന് പ്രവാസികള്‍ അയച്ച പണം. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പ്പാദനം 13.5 ശതമാനത്തില്‍ നിന്ന് 23.2 ശതമാനമായി വര്‍ധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.