ഒടുവില്‍ നടപടിക്കൊരുങ്ങി സര്‍ക്കാര്‍: ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; അന്വേഷണ ചുമതല ഐജി സ്പര്‍ജന്‍ കുമാറിന്

ഒടുവില്‍ നടപടിക്കൊരുങ്ങി സര്‍ക്കാര്‍: ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; അന്വേഷണ ചുമതല ഐജി സ്പര്‍ജന്‍ കുമാറിന്

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ നിലപാട്.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. എസ്. അജിത ബീഗം, ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന്‍ ജോസഫ്, വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്.

ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ നീക്കം. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ മറനീക്കി പുറത്തുവന്നതോടെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. മുഖ്യമന്ത്രിയും ഡിജിപിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും.

ആരോപണങ്ങളില്‍ പ്രത്യേക വിഷയത്തില്‍ കേസെടുത്തുകൊണ്ടല്ല. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാന്‍ സാധിക്കുമോയെന്നാണ് പ്രത്യേക സംഘം ആരായുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.