ജഗദീഷ് എ.എം.എം.എ ജനറല്‍ സെക്രട്ടറിയായേക്കും; മോഹന്‍ലാല്‍ എത്താത്തതിനാല്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റി

ജഗദീഷ് എ.എം.എം.എ ജനറല്‍ സെക്രട്ടറിയായേക്കും; മോഹന്‍ലാല്‍ എത്താത്തതിനാല്‍ സംഘടനയുടെ  എക്‌സിക്യൂട്ടീവ് യോഗം മാറ്റി

കൊച്ചി: നാളെ നടത്താനിരുന്ന താര സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റി വച്ചു. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാലാണ് എക്‌സിക്യൂട്ടീവ് യോഗം വൈകാന്‍ കാരണമെന്നാണ് മറ്റ് ഭാരവാഹികള്‍ പറയുന്നത്. അതിനിടെ എ.എം.എം.എയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന ആവശ്യവും ശക്തമാണ്.

ഡബ്ല്യൂ.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്താനും ശ്രമം നടക്കുന്നുണ്ട്. ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഘടന ഭാരവാഹി എന്ന നിലയില്‍ ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്.

ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കണം. വേട്ടക്കാരുടെ പേരുകള്‍ പുറത്തു വരികയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടു തന്നെ സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ ചേര്‍ന്നേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.