സർക്കാർ വേട്ടക്കാർക്കൊപ്പം; എംജെ സോജന് ഐപിഎസ് നൽകാനുള്ള നീക്കത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ

സർക്കാർ വേട്ടക്കാർക്കൊപ്പം; എംജെ സോജന് ഐപിഎസ് നൽകാനുള്ള നീക്കത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ രം​ഗത്ത്. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം ലഭിച്ചതിന് പിന്നാലെയാണ് അമ്മ രംഗത്തെത്തിയത്. കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നു.

പ്രതികളെ രക്ഷിച്ചതിന് സ൪ക്കാരിന്റെ സമ്മാനമാണ് സോജന്റെ ഐപിഎസ് പദവി എന്നാണ് പെൺകുട്ടികളുടെ അമ്മ ആരോപിക്കുന്നത്. കേസ് അട്ടിമറിച്ച് മുഴുവൻ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജൻ. ഇതിനുള്ള സമ്മാനമാണ് ഐപിഎസ് പദവി. സോജൻ പ്രതിസ്ഥാനത്ത് നിൽക്കേ തിടുക്കപ്പെട്ട് എന്തിന് ഐപിഎസ് നൽകുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു. വേട്ടക്കാർക്കൊപ്പമാണ് ഞങ്ങളെന്ന് സർക്കാർ വീണ്ടും തെളിയിക്കുകയാണ്. ഇരകളെയും കോടതിയെയും സർക്കാർ വെല്ലുവിളിക്കുകയാണെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിക്കുന്നു.

നേരത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നൽകുന്നതുമായി ബന്ധപ്പെട്ട് അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പെൺകുട്ടികളുടെ അമ്മ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സന്ദർശിച്ചിരുന്നു. സോജന് ഐപിഎസ് നൽകിയാൽ കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് ആഭ്യന്തരവകുപ്പിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.

2017ൽ നടന്ന വാളയാർ കേസിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന എംജെ സോജൻ പ്രതികളെ രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കി എന്ന് ആരോപണമുയർന്നു. ഈ വിഷയമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും അന്നത്തെ ഡിവൈഎസ്പി ആയിരുന്ന സോജൻ പറഞ്ഞിരുന്നു.

പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നത് ഏറെ വിവാദമായിരുന്നു. 11 ഉം ഒമ്പതും വയസുള്ള പെൺകുട്ടികളെ കുറിച്ച് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ പറയുകയും കേസ് അട്ടിമറിച്ചുവെന്നതടക്കമുള്ള ആരോപങ്ങൾ നേരിടുകയും ചെയ്യുന്ന സോജനാണ് ഐപിഎസ് പദവി നൽകാൻ സർക്കാർ തിടുക്കം കാട്ടുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.